charcha-

കൊല്ലം: കൊല്ലം ലോക് സഭാ മണ്ഡലത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എൻ.കെ പ്രേമചന്ദ്രൻ എം.പി എൻ.എച്ച്.എ.ഐ ചെയർമാൻ സന്തോഷ് കുമാർ യാദവ്, അംഗം വെങ്കിടരമണ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ഡൽഹിയിൽ ചർച്ച നടത്തി.

അപകടം പതിവായ വാളക്കോട് റയിൽവേ മേൽപ്പാലത്തിലൂടെ വീതി കൂടിയ റോഡ് നിർമ്മിക്കേണ്ടതിന്റെ ആവശ്യകത യോഗത്തെ ധരിപ്പിച്ചു. അപകടങ്ങളുടെ സ്ഥിതിവിവര കണക്കുകൾ ഹാജരാക്കിയാണ് നിർമ്മാണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. ദേശീയപാത അതോറിറ്റി ചെയർമാനോ മെമ്പറോ അടങ്ങുന്ന ഉന്നതസംഘം സ്ഥലം സന്ദർശിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. വാളക്കോട് പാലം പ്രത്യേക പരിഗണന നൽകി പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. ദേശീയപാത 744 ഉം ദേശീയപാത 183 ഉം ബന്ധിപ്പിക്കുന്ന ഇളമ്പള്ളൂർ റെയിൽവേ ക്രോസ് നിർമ്മാണത്തിന്റെ പൂർണമായ ചെലവ് എൻ.എച്ച്.എ.ഐ ഏറ്റെടുക്കുക, ദേശീയപാത 744 ലെ അപകടങ്ങളും ഗതാഗത കുരുക്കും ഒഴിവാക്കാൻ മുക്കട ആർ.ഒ.ബി നിർമ്മാണം ഏറ്റെടുക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.

ഇളമ്പള്ളൂർ, മുക്കട റെയിൽവേ മേൽപ്പാലങ്ങൾക്ക് റെയിൽവേ അനുമതി നൽകിയിട്ടുള്ള സാഹചര്യത്തിൽ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നടപടികൾ തുടരുന്നതാണ് ഉചിതമെന്നും കേരളത്തിന്റെ ചുമതലയുള്ള ദേശീയപാത അതോറിറ്റി മെമ്പർ അഭിപ്രായപ്പെട്ടു. ഇടപ്പള്ളിക്കോട്ടയിലും വേട്ടുതറയിലും അടിപ്പാതകൾ പണിയുന്നതിന്റെ ആവശ്യങ്ങൾ യോഗത്തിൽ എം.പി അവതരിപ്പിച്ചു. രണ്ട് അടിപ്പാതകളുടെയും ആവശ്യം ദേശീയപാത അതോറിറ്റിയുടെ പരിഗണനയിലാണെന്നും സാങ്കേതകിയും സാമ്പത്തികവുമായ സാദ്ധ്യതകൾ കൂടി കണക്കിലെടുത്ത് അന്തിമ തീരുമാനം കൈക്കൊള്ളണമെന്നും ദേശീയപാത അതോറിറ്റി അധികൃതർ ഉറപ്പ് നൽകി.