 
കൊല്ലം :വൈദ്യുതി ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ജലവൈദ്യുതിയുടെ ഉത്പാദനത്തിലുള്ള കെടുകാര്യസ്ഥതയും വൈദ്യുതി ലഭ്യത ആസൂത്രണം ചെയ്യുന്നതിലുള്ള വീഴ്‌ചയുമാണെന്ന് കെ.എസ്.ഇ.ബി മുൻ ഡയറക്‌ടറും കെ.എസ്.ഇ.ബി പെൻഷണേഴ്സ് കൂട്ടായ്മ സാങ്കേതിക സമിതി കൺവീനറുമായ എം. മുഹമ്മദലി റാവുത്തർ പറഞ്ഞു. പെൻഷൻ ഫണ്ട് - മാസ്റ്റർ ട്രസ്റ്റ് വിഷയത്തിൽ കോടതി ഉത്തരവ് ഉടൻ നടപ്പാക്കുക, കരാർ കാലാവധി കഴിയുന്ന മണിയാർ ജലവൈദ്യുത പദ്ധതി വീണ്ടും സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കുക, കായംകുളം എൻ.ടി.പി.സി പദ്ധതി കരാർ കാലാവധി കഴിയുമ്പോൾ ബോർഡ് തിരിച്ചെടുത്ത് പുതിയ വൈദ്യുതി പദ്ധതികൾ നടപ്പാക്കുക, പെൻഷൻ കാർക്ക് ആരോഗ്യ ഗ്രൂപ്പ് ഇൻഷ്വറൻസും വെൽഫയർ ഫണ്ടുംഏർപ്പെടുത്തുക, പോസ്റ്റ് ഓഫീസ് വഴിയുള്ള സൗജന്യ ഓൺലൈൻ മസ്റ്ററിംഗ് അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി പെൻഷണേഴ്സ് കൂട്ടായ്‌മ കൊല്ലം പവർഹൗസ് അങ്കണത്തിൽ സംഘടി പ്പിച്ച ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ജയിംസ് എൻ.ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി. എ.വി. വിമൽചന്ദ് ആമുഖ പ്രസംഗവും ലീഗൽ സമിതി കൺവീനർ വി.പി. രാധാകൃഷ്‌ണൻ മുഖ്യപ്രഭാഷ ണവും നടത്തി. ദക്ഷിണ മേഖല സെക്രട്ടറി എൻ. അനിൽകുമാർ, ജില്ലാ പ്രസിഡന്റ് പി. ബാലചന്ദ്രൻ, സെക്രട്ടറി പി. ശരത് ചന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു.