xp
ദേശീയപാതയിൽ വവ്വക്കാവ് ജംഗ്ഷനിലെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പുതിയ പാതയിലെ അടിപ്പാത സംബന്ധിച്ച വിവരങ്ങൾ നാട്ടുകാരോട് ചോദിച്ചറിയുന്നു.

തഴവ: വവ്വീക്കാവ് ജംഗ്ഷനിൽ അടിപ്പാത വേണമെന്ന ആവശ്യം ശക്തമായിരിക്കെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്നലെ വവ്വാക്കാവ് ജംഗ്ഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത് ആക്ഷൻ കൗൺസിൽ പ്രവർത്തകർക്കും നാട്ടുകാർക്കും ആശ്വാസമായി. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, ഗ്രാമ പഞ്ചായത്ത് അംഗം അഭിലാഷ് , ആർ.എസ്.എസ് ജില്ലാ സംഘചാലക് ആർ. മോഹനൻ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ കളരിക്കൽ ജയപ്രകാശ്, ആർ.എസ്.എസ് താലൂക്ക് കാര്യവാഹക് ഓമനക്കുട്ടൻ, വവ്വക്കാവ് ജമാഅത്ത് പ്രസിഡന്റ് വൈ.ഷാജഹാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മുരളീധരൻ, ഓട്ടോ- ടാക്സി ഡ്രൈവർമാർ, യാത്രക്കാർ, നാട്ടുകാർ എന്നിവരുമായി സംസാരിച്ച മന്ത്രി വവ്വക്കാവ് പോലെയൊരു ജംഗ്ഷനിൽ അടിപ്പാത അനിവാര്യമാണെന്നും ഏത് സാഹചര്യത്തിലും അത് ഉറപ്പാക്കുമെന്നും ഉറപ്പ് നൽകി.

അധികൃതരുടെ അനാസ്ഥ

സൂപ്പർ ഫാസ്റ്റ് ഒഴികെയുള്ള യാത്രാ ബസുകൾക്ക് പ്രത്യേക ടിക്കറ്റ് നിരക്ക് നിലവിലുള്ള പ്രധാന ജംഗ്ഷനാണ് വവ്വക്കാവ്. പ്രവൃത്തി ദിവസങ്ങളിൽ വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരത്തിൽപ്പരം യാത്രക്കാരാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിൽ സ്ഥാപനങ്ങളിലേക്കും പോകുന്നതിനായി വവ്വക്കാവ് ജംഗ്ഷനെ ആശ്രയിക്കുന്നത്. എന്നാൽ റോഡ് മുറിച്ച് കടക്കുന്നതിന് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേശീയ പാത അധികൃതർ ഗുരുതര അനാസ്ഥയാണ് കാണിച്ചത്. ഇതിനെ തുടർന്ന് 2023 ആഗസ്റ്റ് 20ന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ

നൂറ് കണക്കിന് ഗ്രാമവാസികളെ അണിനിരത്തി ജനകീയ പ്രക്ഷോപവും സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് വന്ന എം.പി കെ.സി.വേണുഗോപാലിന് ഇതേ വിഷയത്തിൽ ആക്ഷൻ കൗൺസിൽ വീണ്ടും നിവേദനം നൽകി കാത്തിരിക്കുന്നതിനിടയിൽ ജംഗ്ഷന് രണ്ട് കിലോമീറ്റർ തെക്ക് മാറി പുത്തൻ തെരുവിൽ അണ്ടർ പാസ് അനുവദിച്ചെന്ന അഭ്യൂഹം ശക്തമായതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി സുരേഷ്ഗോപി വവ്വക്കാവ് സന്ദർശിച്ചത് .