കൊല്ലം: തൃശൂർ പൂരം കലക്കിയെന്ന് ആരോപിച്ച് നെല്ലും പതിരും തിരിക്കാൻ നടക്കുകയാണ് ചിലരെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ പൂർവവിദ്യാർത്ഥി സംഘടനയും സ്കൂൾ മനേജ്മെന്റും സംഘടിപ്പിച്ച സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒന്ന് ജയിച്ചപ്പോഴേക്കും അതിന്റെ യഥാർത്ഥ ഘടകങ്ങൾ പരിശോധിക്കാതെ പൂരം കലക്കിയോ ആനയ്ക്ക് പട്ട വലിച്ചിട്ടോ എന്നാണ് നോക്കുന്നത്. കേരളത്തിലെ സഹകരണ ബാങ്കുകളിൽ നിന്ന് പാവപ്പെട്ടവരുടെ പണംതട്ടി അവരുടെ ചോരയൂറ്റിക്കുടിച്ചതിനെ ചോദ്യം ചെയ്തതിനാണ് ജനങ്ങൾ ജയിപ്പിച്ചത്. സമൂഹത്തിലെ എന്റെ ഉത്തരവാദിത്വം പിച്ചിച്ചീന്തപ്പെട്ടത് എങ്ങനെയാണ്. തോളിൽ ഒന്ന് സ്നേഹത്തോടെ കൈവച്ചതിന് ഇപ്പോഴും കോടതിയുടെയും പൊലീസുകാരുടെയും വിളിയും കാത്തിരിക്കുകയാണ്. ഇതൊരു വീഴ്ചയാണ്. അവിടെനിന്ന് പക്ഷേ സമൂഹം എന്നെ ശക്തമായി ഉയർത്തിക്കൊണ്ടുവന്നു.

അദ്ധ്വാനത്തിന്റെ ഒരു പങ്കെടുത്ത് മാതാവിന് ഒരു കിരീടം വച്ചപ്പോൾ അവിടെയും ചവിട്ടി തേച്ചെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. കൊല്ലം രൂപതാദ്ധ്യക്ഷൻ ഡോ.പോൾ ആന്റണി മുല്ലശേരി അദ്ധ്യക്ഷനായി.