ss
അഞ്ചാലുംമൂട് കോർപ്പറേഷൻ മൈതാനത്തിലെ ഇരിപ്പിടത്തിന് താഴെ മദ്യക്കുപ്പികൾ ഉപേക്ഷിച്ച നിലയിൽ

കൊല്ലം: അഞ്ചാലുംമൂട് കോർപ്പറേഷൻ മൈതാനം സാമൂഹ്യവിരുദ്ധരുടെ ശല്യത്താൽ പൊറുതിമുട്ടുന്നു. ഇരുട്ടുവീണാൽ ഒരുപറ്റം യുവാക്കൾ പതിവായി ഇവിടെ തമ്പടിക്കും. മദ്യക്കുപ്പികൾ വലിച്ചെറിയുന്നത് കൂടാതെ മലമൂത്രവിസർജനം ഉൾപ്പെടെ നടത്തി പ്രദേശമാകെ മലിനമാക്കും.

പഞ്ചായത്തിന്റെ അധീനതയിലായിരുന്ന മൈതാനം പിന്നീട് കോർപ്പറേഷൻ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ, തുറസായി കിടന്നിരുന്ന മൈതാനം ചുറ്റുമതിൽ കെട്ടി ഗേറ്റ് സ്ഥാപിച്ച് പൂട്ടി. എന്നാൽ അഞ്ചാലുംമൂട്ടിലെ തിരക്കുകാരണം പിന്നീട് മൈതാനം വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുറന്നു നൽകുകയായിരുന്നു. ഇപ്പോൾ ഏതു സമയത്തും ഗേറ്റ് തുറന്ന നിലയിലാണ്. സന്ധ്യ കഴിഞ്ഞാൽ സ്ത്രീകൾ അടക്കമുള്ളവർ ഭീതി​യോടെയാണ് വാഹനം എടുക്കാൻ എത്തുന്നത്. ചുറ്റുമതിൽക്കെട്ട് ഉള്ളതിനാൽ അകത്തേക്ക് കടക്കുന്നവരെ ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല. വേണ്ടത്ര വെളിച്ചമോ നിരീക്ഷണക്യാമറ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളോ ഇവിടെ ഇല്ലാത്തതാണ് വി​ഷയം.

മലമൂത്ര വിസർജ്യങ്ങളുടെ ദുർഗന്ധം കാരണം മൈതാന പരിസരത്തു കൂടി മൂക്കുപൊത്താതെ നടക്കാൻ കഴിയില്ലെന്ന അവസ്ഥയിലാണ്. രാഷ്ട്രീയ പാർട്ടികളും ക്ലബുകളും സംഘടനകളും പരിപാടികൾ നടത്താൻ ആശ്രയിച്ചിരുന്ന ഇവിടെ നി​ലവി​ൽ നടക്കുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം. പരിപാടി നടക്കുന്ന ദിവസം കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ എത്തി ബ്ലീച്ചിംഗ് പൗഡർ വിതറി നാറ്റം അകറ്റാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.

ഗേറ്റ് അടയ്ക്കണം

സമീപത്തെ കടകളിലേക്ക് സാധനം വാങ്ങാൻ എത്തുന്നവരുടെ എണ്ണവും കുറഞ്ഞു. സ്‌കൂളിലേക്കും ട്യൂഷൻ സെന്ററിലേക്കും വിദ്യാർത്ഥികളക്കം നിരവധി പേരാണ് അഞ്ചാലുംമൂട്ടിലേക്ക് എത്തുന്നത്. മുൻപ് അഞ്ചാലുംമൂട് ഭാഗത്ത് ഇ ടോയ്ലറ്റ് ഉണ്ടായിരുന്നെങ്കിലും നി​ലവി​ൽ പ്രവർത്തന രഹി​തമാണ്. നിരവധി തവണ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായി​ട്ടി​ല്ല. ടോയ്ലറ്റ് സംവിധാനം ഏർപ്പെടുത്തണമെന്നും ഒരു നിശ്ചിത സമയത്തിനുശേഷം മൈതാനത്തിന്റെ ഗേറ്റ് അടച്ച് സുരക്ഷിതമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

മൈതാനത്തിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും ഗേറ്ര് അടച്ചും സുരക്ഷിതമാക്കണം. പാർക്കിംഗിന് കൃത്യമായ സമയം നിശ്ചയിക്കുകയും വേണം

ബൈജു മോഹനൻ, അഞ്ചാലുംമൂട് റസിഡൻസ് അസോസിയേഷൻ