കൊല്ലം: കശുഅണ്ടി പരിപ്പിന്റെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും വിൽപ്പനയിലൂടെ ഓണക്കാലത്ത് കാഷ്യു കോർപ്പറേഷൻ ആഭ്യന്തര വിപണിയിൽ എട്ടുകോടി രൂപയുടെ വില്പന നടത്തി. കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 126 പുതിയ ഏജൻസികൾ ഓണക്കാലത്ത് കോർപ്പറേഷന് ലഭിച്ചു. കൂടാതെ 26 സഹകരണ സംഘങ്ങളുടെ ഔട്ട് ലൈറ്റുകൾ, കോർപ്പറേഷന്റെ 30 ഫാക്ടറി ഔട്ട് ലൈറ്റുകൾ, സഞ്ചരിക്കുന്ന വിപണന വാഹനം എന്നിവയിലൂടെയാണ് കോർപ്പറേഷന് 8 കോടി സമാഹരിക്കാനായത്.

ഓണക്കാലത്ത് ആഭ്യന്തര വിപണിയിൽ ഇത്രയധികം രൂപയുടെ വിപണനം നടക്കുന്നത് ഇതാദ്യമായാണ്. വൻകിട സ്ഥാപനങ്ങളായ ബെനസ്ക്കാന്ത, സൂറത്ത് താവി, വിദ്യാ ഡയറി എന്നീ സ്ഥാപനങ്ങൾ കോർപ്പറേഷന്റെ പരിപ്പാണ് ഉപയോഗിച്ചത്. കൂടാതെ ലുലു മാളുകളിലും ഉത്പന്നങ്ങൾ വിറ്റഴിക്കപ്പെട്ടു.

ബന്ദിപ്പൂവ് കൃഷിയിലൂടെ കോർപ്പറേഷൻ ഒരു ടൺ പൂവ് വിപണിയിലിറക്കി. കൂടുതൽ ഔട്ട്‌ലെറ്റുകൾ ആരംഭിച്ച് ആഭ്യന്തര വിപണി ശക്തിപ്പെടുത്താനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ എസ്.ജയമോഹനും മാനേജിംഗ് ഡയറക്ടർ കെ.സുനിൽ ജോണും അറിയിച്ചു.