കൊല്ലം: സ്‌ത്രീധന പീഡന കേസിൽ അദ്ധ്യാപകനെയും മാതാവിനെയും കോടതി ശിക്ഷിച്ചു. ഹയർ സെക്കൻഡറി അദ്ധ്യാപകനായ കാവനാട് മീനത്തുചേരി സജ്ജയ് നിവാസിൽ സജ്ജയ്, മാതാവ് സരസമ്മ എന്നിവരെയാണ് കൊല്ലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌‌ട്രേറ്റ് (രണ്ട്) ലക്ഷ്മി ശ്രീനിവാസ് ശിക്ഷിച്ചത്. സ്‌ത്രീധനത്തിന്റെ പേരിലുള്ള ക്രൂരത, മറ്റൊരു വ്യക്തിയുടെ സ്വത്ത് സ്വന്തം ആവശ്യത്തിനായി പരിവർത്തനം ചെയ്യുക എന്നീ വകുപ്പുകൾ പ്രകാരം സജ്ജയെ ആറ് വർഷത്തേക്കും സരസമ്മയെ സ്‌ത്രീധന പീഡനത്തിന് മൂന്ന് വർഷത്തേക്കുമാണ് ശിക്ഷിച്ചത്. ശക്തികുളങ്ങര പൊലീസ് കുറ്റ പത്രം സമർപ്പിച്ച കേസിൽ സീനിയർ അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്.ബിഭു കോടതിയിൽ ഹാജരായി. പ്രതികൾക്ക് അപ്പീൽ പോകുന്നതിന് ശിക്ഷ ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു.