ഓച്ചിറ: ഉയരത്തിലും സൗന്ദര്യത്തിലും കെട്ടുകാളകൾ പരസ്പരം മത്സരിക്കുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 28-ാം ഓണമഹോത്സവം നാളെ നടക്കും. കരക്കാർ കെട്ടി എഴുന്നള്ളിക്കുന്ന ഭീമാകാരങ്ങളായ കെട്ടുകാളകളെ എതിരേൽക്കുന്നതിനായി ഓച്ചിറ പടനിലം പൂർണ സജ്ജമായിരിക്കുന്നു. ഇത്തവണ 160 കെട്ടുകാളകളാണ് ക്ഷേത്രത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉയരത്തിനനുസരിച്ച് ഒന്നുമുതലുള്ള നമ്പരുകൾ ക്ഷേത്രഭരണസമിതി കെട്ടുകാളകൾക്ക് നൽകും. നമ്പർ അനുസരിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ കെട്ടുകാളകളെ വെക്കുവാൻ അനുവദിക്കുകയുള്ളൂ.

കൂറ്റൻ കെട്ടുകാള രൗദ്രബ്രഹ്മഋഷഭനും

പായിക്കുഴി-വലിയകുളങ്ങര പൗരസമിതിയുടെ കൂറ്റൻ കെട്ടുകാളയായ 'രൗദ്രബ്രഹ്മഋഷഭന്റെ' നിർമ്മാണം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 42 അടി ഉയരമുള്ള കെട്ടുകാളയെ നിർമ്മിച്ചത് പടനിലം പുലിമേൽ വിഷ്ണുവിജയനാണ്. ശിരസിന് മാത്രം പതിനൊന്നേകാൽ അടി ഉയരമുണ്ട്. 42 വർഷക്കാലമായി കെട്ടുകളകളെ അണിയിച്ചോരുക്കുന്ന സമിതി ജീവകാരുണ്യ പ്രവർത്തനത്തിലും മുമ്പിലാണെന്ന് സമിതി ഭാരവാഹികളായ ഉണ്ണിമാധവം, സന്തോഷ് തണൽ, ഉല്ലാസ് ഉണ്ണി, ജി.ബിനു, ശ്യാംചന്ദ്രൻ എന്നിവർ പറഞ്ഞു.

പുലിയൊരുക്കം

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 28-ാം ഓണമഹോത്സവത്തിന്റെ രണ്ടാം ദിവസമായ 13ന് പ്രയാർ പുലികളിസംഘത്തിന്റെ നേതൃത്വത്തിൽ പടനിലത്ത് പുലികളി അവതരിപ്പിക്കും. തൃശൂർ സീതാറാം ദേശം പുലികളി സംഘത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എഴുപത്തിയഞ്ചോളം കലാകാരന്മാർ പങ്കെടുക്കും. പുലികളിക്ക് പ്രസാദ് ആശാൻ നേതൃത്വം നൽകും. വൈകിട്ട് 3ന് പ്രയാർ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പുലികളി വൈകിട്ട് പരബ്രഹ്മക്ഷേത്രത്തിൽ സമാപിക്കുമെന്ന് പുലിസംഘം ഭാരവാഹികളായ ദീപക് പ്രയാർ, ശ്യാംമോഹൻ, ഷെമീൻ, കെ.ആർ.വത്സൻ എന്നിവർ അറിയിച്ചു.