
അമൃതപുരി (കൊല്ലം): അക്കാഡമിക - ഗവേഷണ രംഗങ്ങളിൽ കേരള സർക്കാരിന്റെ കീഴിലുള്ള തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്മെന്റുമായി (സി.എം.ഡി) സഹകരിക്കാനൊരുങ്ങി അമൃത സ്കൂൾ ഒഫ് ബിസിനസ്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന ചടങ്ങിൽ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്മെന്റ് ഡയറക്ടറും മെമ്പർ സെക്രട്ടറിയുമായ ഡോ.ബിനോയ് ജെ കാറ്റാടിയിൽ, അമൃതപുരി ക്യാമ്പസിലെ അമൃത സ്കൂൾ ഒഫ് ബിസിനസ് ഡീൻ ഡോ.രഘുരാമൻ എന്നിവർ ചേർന്ന് ധാരണാപത്രം ഒപ്പുവച്ചു. അക്കാഡമിക - ഗവേഷണരംഗങ്ങൾക്ക് പുറമെ പരിശീലന പരിപാടികൾ, കൺസൾട്ടിംഗ്, സംരംഭകത്വം എന്നീ രംഗങ്ങളിലും സഹകരിച്ച് പ്രവർത്തിക്കുന്നതോടൊപ്പം രണ്ട് സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഇന്റർ ഡിസിപ്ലിനറി കോഴ്സുകളും സെമിനാറുകളും സംഘടിപ്പിക്കും. കേന്ദ്ര, സംസ്ഥാന, സ്വകാര്യ മേഖലകളിലുടനീളമുള്ള നിർവഹണ പദ്ധതികളിൽ ഗവേഷകർക്ക് സജീവമായി പങ്കെടുക്കാനുള്ള വിലപ്പെട്ട അവസരമാണ് ധാരണാപത്രത്തിലൂടെ വഴിതുറക്കുന്നതെന്ന് ഡോ.ബിനോയ് ജെ കാറ്റാടിയിൽ പറഞ്ഞു. അമൃത സ്കൂൾ ഒഫ് ബിസിനസ് പ്രിൻസിപ്പൽ ഡോ.പി.കെ. വിശ്വനാഥൻ ചടങ്ങിൽ പങ്കെടുത്തു.