photo
കോട്ടാത്തല തേവർചിറ

കൊട്ടാരക്കര: കോട്ടാത്തല തേവർചിറയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക്. വശങ്ങൾ സംരക്ഷണ ഭിത്തികൾ നിർമ്മിച്ച് സുരക്ഷിതമാക്കി. ചിറയിലേക്ക് ഇറങ്ങാനുള്ള കൽപ്പടവുകളും നിർമ്മിച്ചു. നാലുചുറ്റും നടപ്പാതയുമൊരുക്കി. ഇനി അത്യാവശ്യ പണികളും സൗന്ദര്യവത്കരണവും നടത്തുന്നതോടെ ചിറ നാടിന് സമർപ്പിക്കാം. ഇനി തിരിച്ചുവരവില്ലെന്ന് കരുതി നാടെഴുതിത്തള്ളിയ തേവർചിറയാണ് കൂടുതൽ സൗന്ദര്യത്തോടെ തിരിച്ചുകിട്ടുന്നത്. നൂറ്റാണ്ടുകളുടെ ശേഷിപ്പ് സംരക്ഷിക്കാനായതിന്റെ സംതൃപ്തിയിലാണ് ജനപ്രതിനിധികളും.

89 ലക്ഷം രൂപയുടെ നവീകരണം

മന്ത്രി കെ.എൻ.ബാലഗോപാൽ അനുവദിച്ച 89 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇപ്പോൾ നിർമ്മാണ ജോലികൾ നടക്കുന്നത്. മൈനർ ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. നേരത്തെ ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് പദ്ധതികളിൽ ഉൾപ്പെടുത്തി സംരക്ഷണ ഭിത്തികളുടെ കുറച്ചേറെ ഭാഗം നിർമ്മിച്ചിരുന്നു.

ജലസമൃദ്ധി

ചെളിയും മണ്ണും നിറഞ്ഞ്, കുറ്റിക്കാടുകൾ വളർന്ന് ഒരു തുള്ളി വെള്ളംപോലും ഇല്ലാത്ത നിലയിലായിരുന്നു അടുത്തകാലംവരെയും ചിറ. എന്നാൽ നവീകരണം തുടങ്ങി മണ്ണും ചെളിയും നീക്കം ചെയ്ത്, സംരക്ഷണ ഭിത്തികൾ കെട്ടിബലപ്പെടുത്തിയതോടെ ഇപ്പോൾ നിറയെ ജലസമൃദ്ധിയാണ്.