കൊല്ലം: ആകാശത്ത് നോക്കി അമ്പിളി മാമനെന്ന് വിളിച്ച കുട്ടിക്കാലമല്ല, അത് ചന്ദ്രനാണെന്ന് തിരിച്ചറിവുള്ള കുട്ടികൾക്ക് ചന്ദ്രന്റെ അടുത്ത് ചെന്ന അനുഭവം. ഉള്ളറകളിലേക്ക് കണ്ണോടിക്കാം, തൊട്ടുനോക്കാം. മറ്റ് നക്ഷത്രങ്ങളുടെ അടുക്കലേക്കും ഓടിയെത്താം. പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് കുട്ടിക്കൂട്ടത്തെ വിസ്മയിപ്പിക്കുന്ന വെർച്വൽ റിയാലിറ്റി ലാബ്. ഭൂമിയുടെ ഉള്ളറകളിലേക്ക് കണ്ണോടിക്കാം, ഒപ്പം താജ്മഹലും ജൂറാസിക് പാർക്കും കടലിന്റെ അടിത്തട്ടുമൊക്കെ അവരുടെ മുന്നിലേക്ക് എത്തുകയുമാണ്. പഠനപ്രക്രിയയുടെ ഭാഗമായിട്ടാണ് വി.ആർ.ലാബെന്ന വെച്വൽ റിയാലിറ്റി ലാബ് സ്ഥാപിച്ചത്.
കാലം മാറി കഥമാറി
പണ്ട് പാഠപുസ്തകത്തിൽ നിന്നും വായിച്ച് മന:പ്പാഠമാക്കേണ്ടിയിരുന്നു. പിന്നീട് പ്രൊജക്ടറുകളും കമ്പ്യൂട്ടറുകളുമൊക്കെ എത്തിയപ്പോൾ മന:പ്പാഠത്തിന് കുറച്ചേറെ മാറ്റമുണ്ടായി. എന്നാൽ അതിനും അപ്പുറത്തേക്കാണ് ഇപ്പോൾ പഠനപ്രവർത്തനങ്ങൾക്കായി ഈ സർക്കാർ വിദ്യാലയത്തിൽ വെർച്വൽ ലാബ് സജ്ജമാക്കിയിരിക്കുന്നത്. ഇനി പഠിക്കുന്നതെന്താണോ ആ ഇടത്തേക്ക് സ്കൂളിലിരുന്നുകൊണ്ട് സഞ്ചരിക്കാം. കാണാം, അറിയാം, മനസിലാക്കാം. ഒരേ സമയം 20 കുട്ടികൾക്കാണ് വെർച്വൽ ലാബിൽ പ്രവേശനം. പ്രത്യേകതരം ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
75,000 രൂപയുടെ പദ്ധതി
സാങ്കേതികരംഗത്തെ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ശാസ്ത്രപഠനം കൂടുതൽ മികവുറ്റുതാക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി വെർച്വൽ ലാബ് സ്ഥാപിച്ചത്. ഇതിനായി എസ്.എസ്.കെയുടെ സഹായത്താൽ 75,000 രൂപ ചെലവായി.
സംസ്ഥാനതല ഉദ്ഘാടനം
സംസ്ഥാനത്ത് പതിനൊന്ന് വിദ്യാലയങ്ങളിലാണ് വെർച്വൽ ലാബ് പദ്ധതി ഇപ്പോൾ നടപ്പാക്കുന്നത്. പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് ആദ്യംതന്നെ ഇത് സജ്ജമാക്കി പ്രവർത്തിപ്പിച്ചുതുടങ്ങിയത്. അതുകൊണ്ടുതന്നെ ഇവിടെവച്ചുതന്നെ സംസ്ഥാനതല ഉദ്ഘാടനവും നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഈ മാസം മൂന്നാം വാരത്തിൽ ഉദ്ഘാടനം നടത്തും.