കൊട്ടാരക്കര: കുടിവെള്ള പൈപ്പ് സ്ഥാപിക്കലും റോഡ് വെട്ടിപ്പൊളിക്കലും തുടർക്കഥ. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല ഏറത്ത് ജംഗ്ഷനിൽ സർവത്ര ദുരിതം. മാസങ്ങളായി ഇവിടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിക്കുകയാണ്. നേരത്തെ റോഡ് തീർത്തും തകർച്ചയിലുമായിരുന്നു. ജില്ലാ പഞ്ചായത്തിൽ നിന്ന് തുക അനുവദിച്ച് റോഡ് കോൺക്രീറ്റ് ചെയ്തത് അടുത്തിടെയാണ്. കോൺക്രീറ്റിന് മുൻപും അതിന് ശേഷവും റോഡിന്റെ ഒരു വശത്ത് ആഴത്തിൽ കുഴിയെടുത്ത് പൈപ്പ് സ്ഥാപിക്കുന്നതാണ് നാട്ടുകാർക്ക് തലവേദനയായത്.
റോഡ് ചെളിക്കുണ്ട്
കോൺക്രീറ്റ് ചെയ്ത റോഡിൽ പച്ചമണ്ണ് കോരിയിട്ടു. മഴ പെയ്തതോടെ ഇവിടം ചെളിക്കുണ്ടായി. വഴിയാത്രക്കാർ തെന്നിവീഴുന്നത് പതിവ് സംഭവമാണ്. ഇരുചക്ര വാഹനക്കാരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. ഏറത്ത് ജംഗ്ഷനിൽ റോഡരികിൽ താമസക്കാരായ രണ്ട് കുടുംബങ്ങൾ തീർത്തും വലയുകയാണ്. വീട്ടിലേക്ക് കടക്കാനാകാത്തവിധം വീടിന് മുന്നിൽ കുഴിയെടുത്ത് മണ്ണ് വകഞ്ഞുമാറ്റി വച്ചിരിക്കുകയാണ്. ഈ ദുരിതത്തിന് അറുതിയുണ്ടാക്കാൻ അധികൃതരെത്തുന്നുമില്ല.
ഞാങ്കടവിൽ നിന്ന്
കല്ലടയാറ്റിലെ ഞാങ്കടവ് ഭാഗത്തുനിന്നും വരുന്ന വെള്ളം കൊട്ടാരക്കര ഉഗ്രൻകുന്നിലെ പ്ളാന്റിലെത്തിക്കുംവിധമാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. ഏറത്ത് ഭാഗത്തുനിന്നും ഇല്ലിക്കുളം ഭാഗത്തെത്തി കുറവൻചിറ, വല്ലം വഴി കൊട്ടാരക്കരയിലെത്തിക്കും.