കൊല്ലം: ജയിപ്പിച്ച് അധികാരത്തിലെത്തിച്ച ജനങ്ങളോടുള്ള നിന്ദയാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്നതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശൂർ പൂരം കലക്കിയതിനെ കുറിച്ച് നിയമസഭ ചർച്ച ചെയ്തതിനെതിരെ കൊല്ലം പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ ആഞ്ഞടിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയെ മലിനപ്പെടുത്തുന്ന പ്രവൃത്തികളാണ് നടക്കുന്നത്. പൂരം ചുരണ്ടാനും മാതാവിന് നൽകിയ കിരീടം ചുരണ്ടാനുമൊക്കെ നടന്ന് പിന്നീട് ചുരണ്ടി നോക്കാൻ പോലും അവശേഷിക്കാത്ത അവസ്ഥയിലേക്ക് അതിന് ശ്രമിക്കുന്നവർ എത്തും. തോറ്റാൽ തോറ്റതിന്റെ കാരണം അന്വേഷിക്കും. എന്നാൽ ഒരാൾ ജയിച്ചാൽ എന്തുകൊണ്ടാണ് ജയിച്ചതെന്ന് സാധാരണ ആരും തിരക്കാറില്ല. കേരളത്തിലെ സഹകരണ മേഖല കയ്യാളുന്ന കക്ഷികൾ ചോര ഊറ്റിക്കുടിച്ചതിന്റെ ശിക്ഷയാണ് തന്റെ ജയമെന്നും ഏറ്റവും സന്തോഷം നിറഞ്ഞ ഈ വേദിയിൽ കൃമികീടങ്ങളിലെ കുറിച്ച് വിചാരിക്കാനേ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സമിതി ചെയർമാൻ ആർ.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കൊല്ലം രൂപതാദ്ധ്യക്ഷൻ ഡോ.പോൾ ആന്റണി മുല്ലശേരി അനുഗ്രഹ പ്രഭാഷണം നടത്തി. പരിപാടിയിൽ ജെ.ആഗ്നസ്, തുളസീഭായി അമ്മ എന്നിവർക്ക് ഗുരുപൂജ ചെയ്തു. ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമൻ, ഫാ.സി.പി.ബിജോയ്, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എസ്.പ്രശാന്ത്, സ്വാഗത സമിതി പ്രോഗ്രാം ചെയർമാൻ കേണൽ.എസ്.ഡിന്നി, സ്വാഗത സമിതി രക്ഷാധികാരികളായ ആർ.ഗോപാല കൃഷ്ണൻ, വി.മുരളീധരൻ, ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, അൽത്താഫുദീൻ അഹമ്മദ് കോയ, കെ.സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലാ ആശുപത്രിക്ക് സമീപത്തു നിന്ന് പ്രൗഢ ഗംഭീരമായ ഘോഷയാത്രയോടെയാണ് സുരേഷ് ഗോപിയെ സമ്മേളന വേദിയിലേക്ക് എത്തിച്ചത്.