photo
കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്കും വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് കവി റഫീക്ക് അഹമ്മദിനെ ആദരിച്ചപ്പോൾ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയും ലാലാജി ഗ്രന്ഥശാലയും സംയുക്തമായി കരുനാഗപ്പള്ളിയിലെ വിവിധ വിദ്യാലയങ്ങളിലെ പത്താം ക്ലാസ് കുട്ടികൾക്കായി കവിയും കുട്ടികളും എന്ന പരിപാടി സംഘടിപ്പിച്ചു. പത്താം ക്ലാസിലെ പാഠ പുസ്തകത്തിലെ കവി റഫീക്ക് അഹമ്മദിന്റെ കവിതയെ പറ്റി കുട്ടികൾ കവിയോട് നേരിട്ട് സംവദിച്ചത് വേറിട്ട അനുഭവമായി. അദ്ദേഹത്തിന്റെ അമ്മത്തൊട്ടിൽ എന്ന കവിതയെയും മറ്റ് കവിതകളെയും പറ്റിയായിരുന്നു സംവാദം. ചടങ്ങിൽ ഗ്രന്ഥശാലാ സെക്രട്ടറി വള്ളിക്കാവ് മോഹൻദാസ് അദ്ധ്യക്ഷനായി. ചടങ്ങ് മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.മീന, കൗൺസിലർ മഹേഷ് ജയരാജ്, ഫൈസൽ എന്നിവർ സംസാരിച്ചു. കുട്ടികൾ അദ്ദേഹത്തിന്റെ കവിതകളും സിനിമാഗാനങ്ങളും ആലപിച്ചു. കവിയ്ക്കുള്ള ആദരവ് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്കും കുട്ടികളും അദ്ധ്യാപകരും ചേർന്ന് സമ്മാനിച്ചു.