cutt

കൊല്ലം: കരുനാഗപ്പള്ളി എഫ്.സി.ഐ ഗോഡൗണിൽ ലോറിയുടെ കാലിത്തൂക്കം കുറച്ചുകാട്ടി ഭക്ഷ്യധാന്യം വെട്ടിക്കുന്നുവെന്ന സപ്ലൈകോ ഉദ്യോഗസ്ഥരുടെ പരാതിയിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം ആവശ്യപ്പെടാൻ പൊതുവിതരണ വകുപ്പിന്റെ ആലോചന. അടുത്തയാഴ്ച എഫ്.സി.ഐ അധികൃതരെ വിളിച്ചുവരുത്തി സംഭവം ശ്രദ്ധയിൽപ്പെടുത്തും. തുടർന്ന് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകാനും ആലോചനയുണ്ട്.

കരുനാഗപ്പള്ളി എഫ്.സി.ഐ ഗോഡൗണിൽ കണ്ടെത്തിയതിന് സമാനമായ ക്രമക്കേട് സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ടെന്ന സംശയത്തിലാണ് പൊതുവിതരണ വകുപ്പ്. ഇങ്ങനെ കേന്ദ്രം സംസ്ഥാനത്തിന് അനുവദിക്കുന്ന ഭക്ഷ്യധാന്യ വിഹിതം സ്ഥിരമായി വലിയളവിൽ നഷ്ടമാകുന്നുവെന്നാണ് വിലയിരുത്തൽ. കരുനാഗപ്പള്ളി എഫ്.സി.ഐ ഗോഡൗണിൽ തയ്യാറാക്കിയ ട്രക്ക് ചിറ്റ് റിപ്പോർട്ടിൽ ഒരു ലോറിയുടെ വത്യസ്ത ദിവസങ്ങളുടെ കാലിത്തൂക്കത്തിൽ 240 കിലോയുടെ വത്യാസം വന്നത് സപ്ലൈകോ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടിയിരുന്നു. കാലിത്തൂക്കത്തിൽ ശരാശരി 40 മുതൽ 90 കിലോ വരെ അന്തരം സ്ഥിരമാണെന്നും സപ്ലൈകോ ഉദ്യോഗസ്ഥർ രേഖകൾ സഹിതം ചൂണ്ടിക്കാട്ടുന്നു.

ഗോഡൗണിൽ ഡി.എസ്.ഒയുടെ പരിശോധന

കാലിത്തൂക്ക വെട്ടിപ്പ് നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ സപ്ലൈ ഓഫീസർ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി എഫ്.സി.ഐ ഗോഡൗൺ പരിശോധിച്ചു. മറ്റ് എഫ്.സി.ഐ, എൻ.എഫ്.എസ്.എ ഗോഡൗണുകളിലും പരിശോധന ഉണ്ടാകും. ഭക്ഷ്യധാന്യം ഏറ്റെടുക്കാൻ വരുന്ന റേഷനിംഗ് ഇൻസ്പെക്ടർമാർക്ക് ട്രക്ക് ചിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നത് പരിശോധിക്കാനുള്ള സൗകര്യം, വേ ബ്രിഡ്ജിലെ തൂക്കം അറിയാൻ കഴിയുന്ന ഡിസ്‌പ്ളേ യൂണിറ്റ് എന്നിവയുണ്ടോ എന്നാണ് പരിശോധന.

വെട്ടിപ്പില്ലെന്ന് എഫ്.സി.ഐ

കരുനാഗപ്പള്ളി എഫ്.സി.ഐ ഗോഡൗണിൽ ലോറിയുടെ കാലിത്തൂക്കം കുറച്ചുകാട്ടി വെട്ടിപ്പ് നടത്തുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എഫ്.സി.ഐ കൊല്ലം ഡിവിഷണൽ മാനേജർ വിജയ് സിംഗ് വ്യക്തമാക്കി. വേ ബ്രിഡ്ജുമായി അടക്കം ബന്ധിപ്പിച്ചിട്ടുള്ള ഡിപ്പോ ഓൺലൈൻ സംവിധാനം വഴിയാണ് എഫ്.സി.ഐ ഗോഡൗണുകളിലെ എല്ലാ ഇടപാടുകളും നടക്കുന്നത്. വേ ബ്രിഡ്ജിലെ ഭാരം കാണാൻ കഴിയുന്ന ജംബോ ഡിസ്‌പ്ലേ യൂണിറ്റ് പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. റേഷനിംഗ് ഇൻസ്പെക്ടർമാർ ട്രക്ക് ചിറ്റ് റിപ്പോർട്ട് പരിശോധിച്ച് അംഗീകരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ഭക്ഷ്യധാന്യം കയറ്റിയുള്ള ലോറികൾ പുറത്തേക്ക് വിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലീഗൽ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കൺട്രോളർ കരുനാഗപ്പള്ളി ഗോഡൗണിൽ സെപ്തംബർ 30ന് നടത്തിയ പരിശോധനയിൽ മാനുവലായി ട്രക്ക് ചിറ്റ് റിപ്പോർട്ട് തയ്യാറാക്കാൻ കഴിയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വിജയ് സിംഗ്, ഡിവിഷണൽ മാനേജർ

എഫ്.സി.ഐ, കൊല്ലം