കൊല്ലം: കിളികൊല്ലൂർ ഡിവിഷനിലെ രണ്ടാംകുറ്റിയിൽ ഇടറോഡുകൾ പൊട്ടിപ്പൊളിഞ്ഞിട്ട് മാസങ്ങളായെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. കാലായി റോഡ്, കെ.സി. മോഹൻ പാറശ്ശേരി റോഡുകളാണ് സഞ്ചാരയോഗ്യമല്ലാതായത്.
ടാറിളകി റോഡിൽ പല ഭാഗത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കല്ലുകളും മെറ്റിൽ കഷ്ണങ്ങളും ഇളകി പലഭാഗത്തായി ചിതറിക്കിടക്കുകയാണ്. നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. കാൽനട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാരടക്കമുള്ളവർക്കും ഒരുപോലെ ദുരിതമായിരിക്കുകയാണ് ഈ റോഡുകൾ. ഇരുവശത്തും നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ മൂലം ഓട്ടോറിക്ഷക്കാർ ഇതുവഴി എത്താറില്ല. കുട്ടികളും പ്രായമായവരും അപകടം ഭയന്നാണ് സഞ്ചരിക്കുന്നത്. റോഡിൽ ചിന്നിച്ചിതറി കിടക്കുന്ന മെറ്റലുകളിൽ കയറി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടി റോഡുകൾ തോടുപോലെയാകും. എത്രയും വേഗം ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഓടകളും തകർന്നു
തകർന്ന റോഡുകൾക്ക് സമീപത്തെ ഓടകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പൈനുംമൂട്, കാലായി, മംഗലശ്ശേരി വരെയുള്ള ഓടകളാണ് നശിച്ചത്. സ്ലാബുകൾ പലഭാഗത്തും ദ്രവിച്ചു. വെളിച്ചക്കുറവ് കാരണം രാത്രിയിൽ ഈ ഭാഗത്ത് കാൽനട യാത്രികർ അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയാണ്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരോട് പരാതിപ്പെട്ടിട്ടും ഫലമില്ലെന്നും സ്ലാബുകൾ മാറ്റിയിടാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
റോഡുകളും ഓടകളും ഇത്തരത്തിൽ തകർന്നുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. റോഡുകളുടെ ശോചനീയാവസ്ഥ ഇനിയും കണ്ടില്ലെന്ന് നടിക്കാനാണ് അധികൃതരുടെ തീരുമാനമെങ്കിൽ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങാനാണ് പാൽക്കുളങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനം
ജി.ഗോപാലകൃഷ്ണൻ , പാൽക്കുളങ്ങര കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്