കൊല്ലം: കുരീപ്പുഴയിലെ പഴയ ചണ്ടി ഡിപ്പോ പ്രദേശത്ത് കംപ്രസ്ഡ് ബയോ ഗ്യാസ് (സമ്മർദ്ദിത ജൈവ വാതകം- സി.ബി.ജി) പ്ലാന്റ് സ്ഥാപിക്കാൻ കോർപ്പറേഷൻ ആലോചന. ബയോ മൈനിംഗിലൂടെ നിലവിലെ മാലിന്യം നീക്കം ചെയ്യും. സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് പൊതുമേഖല സ്ഥാപനമായ ബി.പി.സി.എല്ലിന് കോർപ്പറേഷൻ അധികൃതർ വൈകാതെ കത്തയയ്ക്കും.

നഗരത്തിലെ ജൈവമാലിന്യം സംസ്കരിക്കുന്ന പ്ലാന്റാണ് ഉദ്ദേശി​ക്കുന്നത്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും ജൈവമാലിന്യങ്ങൾ ചീഞ്ഞഴുകിയുള്ള അസഹ്യമായ ദുർഗന്ധവും പകർച്ചവ്യാധി വ്യാപനവും ഒഴിവാക്കുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുൻപ് മന്ത്രി എം.ബി. രാജേഷ് പങ്കെടുത്ത യോഗത്തിൽ, ജൈവ മാലിന്യ സംസ്കരണത്തിന് സി.ബി.ജി പ്ലാന്റ് സ്ഥാപിക്കുന്നത് ചർച്ചയായിരുന്നു. തുടർന്നാണ്, സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പ്ലാന്റ് നിർമ്മിക്കുന്നത് ചൂണ്ടിക്കാട്ടി. ബി.പി.സി.എല്ലിന് കത്തയയ്ക്കാൻ ധാരണയായത്. 100 കോടി ചെലവിൽ പ്രതിദിനം 150 ടൺ ജൈവ മാലിന്യം സംസ്കരിക്കുന്ന പ്ലാന്റാണ് ബി.പി.സി.എൽ കൊച്ചി ബ്രഹ്മപുരത്ത് സ്ഥാപിക്കുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് ബി.പി.സി.എൽ പെട്രോളിയം ഉത്പന്നങ്ങളുടെ സംസ്കരണത്തിനായി ഉപയോഗിക്കും.

ബ്രഹ്മപുരം മോഡൽ

ബ്രഹ്മപുരം മോഡൽ പദ്ധതിയാണ് കൊല്ലത്തും പ്രതീക്ഷിക്കുന്നത്. ബി.പി.സി.എൽ തയ്യാറായാൽ കുരീപ്പുഴയിലെ ഭൂമി വിട്ടുനൽകും. ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ കോർപ്പറേഷൻ പദ്ധതിക്കായി ടെണ്ടർ ക്ഷണിക്കും. വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതികൾ കോർപ്പറേഷൻ നടപ്പാക്കുന്നുണ്ടെങ്കിലും മാലിന്യപ്രശ്നത്തിന് പൂർണമായും പരിഹാരം കാണാൻ കഴിയുന്നില്ല.

.......................

 കോർപ്പറേഷൻ ജൈവമാലിന്യം ശേഖരിച്ച് പ്ലാന്റിലെത്തിക്കും

 ഹരിതകർമ്മസേന മാതൃകയിൽ പ്രത്യേക സംഘത്തിന് സാദ്ധ്യത

 ബയോഗ്യാസിൽ നിന്നുള്ള വരുമാനം നിർമ്മാണ കമ്പനിക്ക്

 ഖരാവശിഷ്ടം ജൈവവളമായി ഉപയോഗിക്കും

 നഗരത്തിൽ പ്രതിദിനമുണ്ടാകുന്നത് 117 ടൺ ജൈവമാലിന്യം