 
കടയ്ക്കൽ: കടയ്ക്കൽ ടൗണിലെ നിലമേൽ റോഡരികിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ ബാങ്കിന്റെ ശാഖയിൽ തീപിടിത്തം. കഴിഞ്ഞ വ്യാഴം രാത്രി 10നാണ് സംഭവം. എ.ടി.എമ്മിൽ പണം എടുക്കാൻ വന്നവരാണ് ബാങ്കിനകത്ത് പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ കടയ്ക്കൽ ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തി ഷട്ടറിന്റെയും ഗ്രില്ലിന്റെയും പൂട്ട് തകർത്ത് കയറി 2 മണിക്കൂറോളമെടുത്താണ് തീ അണച്ചത്. ബാങ്കിലെ എ.സിയും കമ്പ്യൂട്ടറും മൂന്നു കാബിനും കത്തിനശിച്ചു. എട്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. ബാങ്കിനകം നിറയെ പുക നിറഞ്ഞിരുന്നു. സ്ട്രോംഗ് മുറിയുടെ ഭാഗത്തേക്ക് തീ പടർന്നില്ല. ഷോർട്ട് സർക്യൂട്ടാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്ക് ഉദ്യോഗസ്ഥരും കടയ്ക്കൽ പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു.