കൊല്ലം: ശബരിമല തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ പിടിവാശി ഉപേക്ഷിച്ച് സ്പോട്ട്ബുക്കിംഗ് അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (ടി.ഡി.ഇ.യു) രക്ഷാധികാരിമാരായ എൻ.കെ.പ്രേമചന്ദ്രൻ എം.പി, എൻ.ഗോവിന്ദൻ നമ്പൂതിരി എന്നിവർ ആവശ്യപ്പെട്ടു. സൗകര്യങ്ങൾ പരിമിതപ്പെടുത്തി മുതലെടുപ്പിന് അവസരമൊരുക്കുന്നത് പ്രതിഷേധാർഹമാണ്. ശബരിമലയിൽ പ്രതിദിനം 80,000 ഭക്തർക്ക് മാത്രമേ പ്രവേശനം നൽകുള്ളുവെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ല. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡോ, സർക്കാരോ പഠനം നടത്തുകയോ തീർത്ഥാടകരുടെ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. തിരുപ്പതി ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ഏർപ്പെടുത്തിയത് ദീർഘകാല പഠനത്തിന്റെയും സൗകര്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. ശബരിമലയിൽ തിരുപ്പതിക്ക് സമാനമായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ഘട്ടം ഘട്ടമായി ശാസ്ത്രീയമായി നടപ്പാക്കേണ്ട പരിഷ്‌കാരങ്ങൾ തിടുക്കത്തിൽ ഏർപ്പെടുത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും യൂണിയൻ ആരോപിച്ചു. യൂണിയൻ പ്രസിഡന്റ് പുതുമന മനുനമ്പൂതിരി, ജനറൽ സെക്രട്ടറി ചവറ എസ്.ലാലു, ട്രഷറർ പി.പ്രേംജിത്ത് ശർമ്മ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.