ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവം ഇന്ന് നടക്കും. വിവിധ കരകളിൽ നിന്നായി ഇരുനൂറോളം കെട്ടുകാളകൾ ഓച്ചിറ പടനിലത്ത് അണിനിരക്കും. കൈവെള്ളയിൽ എഴുന്നള്ളിക്കുന്നതുമുതൽ ക്രെയിനുകളുടെ സഹായത്തിൽ എത്തുന്നതുവരെയുള്ള കൂറ്റൻ കെട്ടുകാളകൾ വരെ കരകളിൽ അണിഞ്ഞൊരുങ്ങികഴിഞ്ഞു. രാവിലെ മുതൽ തന്നെ വിവിധ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടുകൂടി കെട്ടുകാളകൾ ഓച്ചിറിയലേക്ക് തിരിക്കും. വൈകിട്ടോടുകൂടി എല്ലാകെട്ടുകാളകളും ക്ഷേത്രത്തിൽ എത്തിച്ചേരും.
ഗതാഗത നിയന്ത്രണം
- കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപെടുത്തും.
- രാവിലെ 9. മണി മുതലാണ് നിയന്ത്രണം.
- ആലപ്പുഴ ഭാഗത്തു നിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ നങ്ങ്യാർകുളങ്ങര കവലയിൽ നിന്നും കിഴക്കോട്ട് തിരിച്ച് തട്ടാരമ്പലം - മാവേലിക്കര - രണ്ടാം കുറ്റി- കറ്റാനം വഴി ചാരുംമൂട് എത്തി തെക്കോട്ട് തിരിഞ്ഞ് ചക്കുവള്ളി വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകണം.
-
- കെ.എസ്.ആർ.ടി.സി ബസുകൾ കായംകുളത്തു നിന്ന് കിഴക്കോട്ട് പോയി ചാരുംമൂട് എത്തി അവിടെ നിന്ന് തെക്കോട്ട് പോയി ചക്കുവള്ളി വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകണം.
-
- കാറ് ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ കായംകുളത്തു നിന്ന് കിഴക്കോട്ട് കെ.പി റോഡ് വഴി ചാരുമൂട്, തഴവ മുക്ക്, ചൂനാട് മണപ്പള്ളി അരമത്ത് മഠം പുതിയകാവ് വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകണം.
-
- കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളിയിൽ ലാലാജി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിക്കർ കടവ് പാലം വഴി തീരദേശ റോഡിൽ കൂടി അഴീക്കൽ എത്തി അഴീക്കൽ പാലം വഴി കായംകുളം ആലപ്പുഴ ഭാഗത്തേക്ക് പോകണം.
-
- തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ഹെവി ലോങ് ചെയ്സ്, കണ്ടെയ്നർ വാഹനങ്ങൾ കൊട്ടിയത്തുനിന്ന് തിരിഞ്ഞ് കണ്ണനല്ലൂർ-കുണ്ടറ-കൊട്ടാരക്കര വഴി എംസി റോഡിൽ എത്തി എറണാകുളത്തിന് പോവുകയോ കെ.എം.എം.എൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുകയോ കൊല്ലം മുതൽ കരുനാഗപ്പള്ളി വരെയുള്ള ഹൈവേ വികസിപ്പിച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്തശേഷം ഗതാഗത നിയന്ത്രണം തീരുന്ന മുറയ്ക്ക് യാത്ര തുടരുകയോ ചെയ്യാം.