photo

കരുനാഗപ്പള്ളി: അന്തർ സംസ്ഥാന മയക്കുമരുന്ന് കച്ചവടക്കാരനായ നൈജീരിയൻ സ്വദേശിയെ കരുനാഗപ്പള്ളി പൊലീസ് മുംബയിൽ നിന്ന് അറസ്റ്റുചെയ്‌തു. ഉക്കുവ്ഡിലി മിമ്രിയാണ് (45) പിടിയിലായത്.

കഴിഞ്ഞ ആഗസ്റ്റിൽ 30 ഗ്രാം എം.ഡി.എം.എയുമായി മരുതൂർകുളങ്ങര സ്വദേശി രാഹുലിനെ പൊലീസ് പിടികൂടിയിരുന്നു. കൂട്ടുപ്രതിയായ സുജിത്ത്,താൻസാനിയ സ്വദേശിയായ ഇസ അബ്ദു നാസർ അലി എന്നിവരെയും അറസ്റ്റുചെയ്തു. തുടർ‌ന്നുള്ള അന്വേഷണത്തിൽ ഒരു നൈജീരിയക്കാരൻ കൂടി സംഘത്തിലുണ്ടെന്ന് കണ്ടെത്തി. എന്നാൽ ഇയാൾ ബംഗളൂരുവിൽ നിന്ന് മുംബയ് വഴി നൈജീരിയയിലേക്ക് രക്ഷപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് മനസിലാക്കിയ പൊലീസ് ഇയാളെ മുംബയ് വിമാനത്താവളത്തിലെത്തി പിടികൂടുകയായിരുന്നു.

സിറ്റി പൊലീസ് കമ്മിഷണർ ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഒ വി.ബിജു,എസ്.ഐമാരായ ഷമീർ,ഷാജിമോൻ,വേണുഗോപാൽ,​എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ് കുമാർ,രതീഷ്,വിനോദ്,സി.പി.ഒ റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.