കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടുപേർ കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് താമരശേരി രാരോത്ത് വില്ലേജിൽ പറയരുതൊടികയിൽ വീട്ടിൽ മുഹമ്മദ് അൻസർ (39), കോഴിക്കോട് താമരശേരി വെഴക്കാട് വീട്ടിൽ യദുകൃഷ്ണൻ (25) എന്നിവരാണ് പിടിയിലായത്.

പാർട്ട് ടൈം ഓൺലൈൻ ജോലികൾ ചെയ്ത് വൻതുക നേടാമെന്ന് പറഞ്ഞ് ടെലിഗ്രാം ഗ്രൂപ്പുകളിൽ അംഗമാക്കിയ ശേഷം പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ക്രിപ്‌റ്റോ ട്രേഡിംഗിലൂടെ നിക്ഷേപിക്കുന്ന പണം പല വിധത്തിൽ ട്രേഡിംഗ് നടത്തി ചുരുങ്ങിയ കാലയളവിൽ വൻ ലാഭം നേടാൻ സഹായിക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. കൊല്ലം പട്ടത്താനം സ്വദേശിയിൽ നിന്ന് 40.04 ലക്ഷം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. പിന്നീട് നിക്ഷേപിച്ച പണമോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞ്.

ഡി.സി.ആർ.ബി എ.സി.പി എ.നസീറിന്റെ മേൽനോട്ടത്തിൽ കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ അബ്ദുൾ മനാഫ്, എസ്.ഐ മാരായ നന്ദകുമാർ, എ.എസ്.ഐ അരുൺകുമാർ, സി.പി.ഒ ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.