gandhi-

പത്തനാപുരം: ദൈവത്തെ പല രൂപത്തിൽ പ്രാർത്ഥിക്കുന്നുണ്ടെങ്കിലും കൺമുന്നിൽ പ്രത്യക്ഷപ്പെടാൻ കഴിവുള്ള ദൈവം മാതാപിതാക്കളാണെന്നും ഇത് പുതുതലമുറ തിരിച്ചറിയാത്തതുകൊണ്ടാണ് വൃദ്ധസദനങ്ങൾ വർദ്ധിക്കുന്നതെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്.സോമനാഥ്. പത്തനാപുരം ഗാന്ധിഭവനിൽ നടന്നുവരുന്ന സ്‌നേഹപ്രയാണം ആയിരം ദിനങ്ങൾ പദ്ധതിയുടെ 840-ാം ദിനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂൾ അദ്ധ്യാപകനായിരുന്ന പിതാവ് വിദ്യാഭ്യാസത്തോടൊപ്പം ഓലമെടയാനും കയറുപിരിക്കാനും വരെ തന്നെ പരിശീലിപ്പിച്ചിരുന്നു. പഠത്തിനുപുറമേ അവർ പകർന്നുനൽകിയ ജീവിതപാഠം ഉൾക്കൊണ്ട് വളരാനായത് നേട്ടമായി കാണുന്നു. മാതാപിതാക്കളുടെ അവസാനകാലം വരെ അവരെ നന്നായി ശുശ്രൂഷിക്കാനായത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നെന്നും അദ്ദേഹം അനുസ്മരിച്ചു.
ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്റെ ഡോ. എ.പി.ജെ അബ്ദുൾ കലാം സദ്‌സേവ പുരസ്‌കാരം അദ്ധ്യക്ഷനായിരുന്ന ഡോ. എസ്. സോമനാഥിന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സമ്മാനിച്ചു. വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, അസി. സെക്രട്ടറി ജി.ഭുവനചന്ദ്രൻ, ട്രസ്റ്റി കെ.ഉദയകുമാർ, സി.ഇ.ഒ വിൻസെന്റ് ഡാനിയേൽ, ജനറൽ ഡയറക്ടർ സന്തോഷ്.ജി.നാഥ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി.മോഹനൻ, എം.ടി.ബാവ എന്നിവർ പങ്കെടുത്തു.