
ഓയൂർ: ഭാര്യയുടെ പേരിലുള്ള വസ്തു വിറ്റ് പണം നൽകാത്ത വിരോധത്തിൽ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മദ്ധ്യവയസ്കൻ അറസ്റ്റിൽ. ചെറുവക്കൽ കൂലിക്കോട് ഇടയിലരത്ത് വീട്ടിൽ പ്രകാശാണ് (47) പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 9ന് ഉച്ചയ്ക്ക് 12.50ന് വെളിനല്ലൂർ ഉഗ്രൻകുന്നുള്ള ഭാര്യവീട്ടിലേക്ക് കാറുമായെത്തി ഗേറ്റ് ഇടിച്ചുതകർത്ത് മുറ്റത്ത് നിന്ന ഭാര്യ അനിലയെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വലത് കാലിന് പരിക്കേറ്റു. സംഭവശേഷം സ്ഥലത്തുനിന്ന് പോയ പ്രതി രാത്രി 9.15 ഓടെ മടങ്ങിയെത്തി സിറ്റൗട്ടിലെ കസേരകളും ജന്നാലയും കതകും കൊടുവാൾ ഉപയോഗിച്ച് വെട്ടിനശിപ്പിക്കുകയും അനിലയെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൂയപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ എസ്.ടി.ബിജുവിന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ രജനീഷ്, രാജേഷ്, സി.പി.ഒ വിശാഖ്, ഹോം ഗാർഡ് റോയി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.