കൊല്ലം: നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ രാജ്യത്തുടനീളം പ്രതിഫലിക്കുമ്പോൾ കേരളത്തിന് മാത്രമായി മാറിനിൽക്കാൻ കഴിയില്ലെന്നും കേരള ജനത ബി.ജെ.പിയെ കേരളം ഭരിക്കാൻ അനുവദിക്കുമെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ബി.ജെ.പി മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി ഉളിയക്കോവിൽ ഡിവിഷനിലെ കുറുവ കോളനിയിൽ നടന്ന കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ നടത്തിയിട്ടുള്ള അഴിമതിയും ജനവിരുദ്ധ പ്രവർത്തനങ്ങളും മറക്കാനുള്ള അവസാനത്തെ അടവാണ് കേരളത്തിൽ ഇപ്പോൾ ഇടതും വലതും നടത്തുന്നത്. ജനങ്ങൾ എല്ലാം തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ കാത്തിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ഉളിയക്കോവിൽ കൗൺസിലർ ടി.ആർ.അഭിലാഷ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. മൺറോത്തുരുത്തിലെ മുട്ടം കോളനി, ചിതറ, തുടയന്നൂർ, ഏരൂർ എന്നിവിടങ്ങളിലെ വിവിധ കോളനികളും മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി മന്ത്രി സന്ദർശിച്ചു. സംസ്ഥാന സമിതി അംഗം രാജി പ്രസാദ്, ജി.ഗോപിനാഥ്, അഡ്വ. വയയ്ക്കൽ സോമൻ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.