കൊ​ല്ലം: ക​ന​ത്ത മ​ഴ​യി​ലും ആ​വേ​ശം ചോ​രാ​തെ ഒ​ൻപതാ​മ​ത് കേ​ര​ള ഹോ​ക്കി സം​സ്ഥാ​ന സീ​നി​യർ പു​രു​ഷന്മാ​രു​ടെ ചാ​മ്പ്യൻ​ഷി​പ്പി​ന് ന്യൂ ഹോ​ക്കി സ്‌​റ്റേ​ഡ​യ​ത്തിൽ തു​ട​ക്ക​മാ​യി. തി​രു​വ​ന​ന്ത​പു​രം - ക​ണ്ണൂർ മ​ത്സ​രം മ​ഴ​മൂ​ലം നി​ര​വ​ധി ത​വ​ണ ത​ട​സ​പ്പെ​ട്ടു. ഇ​രു​ടീ​മു​ക​ളും ര​ണ്ട് ഗോൾ വീ​തം നേ​ടി. ഇതിനിടെ വെ​ളി​ച്ച​ക്കു​റ​വ് കാ​ര​ണം മ​ത്സ​രം നി​റു​ത്തി​വ​ച്ചു. അ​വ​സാ​ന ക്വാർ​ട്ടർ ഇ​ന്ന് രാ​വി​ലെ 6.15ന് ന​ട​ക്കും. ക​ണ്ണൂർ വി​ജ​യി​ച്ചാൽ സെ​മി ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാം. ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തിൽ ക​ണ്ണൂർ തൃ​ശൂ​രി​നെ തോൽ​പ്പി​ച്ചി​രു​ന്നു. ആ​ദ്യ മ​ത്സ​ര​ത്തിൽ കൊ​ല്ലം എ​തി​രി​ല്ലാ​ത്ത 15 ഗോ​ളു​കൾ​ക്ക് ഇ​ടു​ക്കി​യെ തോൽ​പ്പി​ച്ചു. പൂൾ ബി​യി​ലെ ശ​ക്തൻ​മാർ ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തിൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​കൾ​ക്ക് ക​ണ്ണൂർ തൃ​ശൂ​രി​നെ തോൽ​പ്പി​ച്ചു. മൂ​ന്നാം മ​ത്സ​ര​ത്തിൽ ഒ​ന്നി​നെ​തി​രെ ആ​റ് ഗോ​ളു​കൾ​ക്ക് എ​റ​ണാ​കു​ള​വും നാ​ലാം മ​ത്സ​ര​ത്തിൽ എ​തി​രി​ല്ലാ​ത്ത 14 ഗോ​ളു​കൾ​ക്ക് മ​ല​പ്പു​റം ആ​ല​പ്പു​ഴ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഉ​ച്ച​യ്​ക്ക് ശേ​ഷ​മു​ള്ള ആ​ദ്യ മ​ത്സ​ര​ത്തിൽ കോ​ഴി​ക്കോ​ട് എ​തി​രി​ല്ലാ​ത്ത 15 ഗോ​ളു​കൾ​ക്ക് ഇ​ടു​ക്കി​യെ തോൽ​പ്പി​ച്ച് സെ​മി ഫൈ​നൽ സാ​ദ്ധ്യ​ത നി​ല​നി​റു​ത്തി. പൂൾ എ​യിൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും തോ​റ്റ ഇ​ടു​ക്കി സെ​മി കാ​ണാ​തെ പു​റ​ത്താ​യി. ഇ​ന്ന് കൊ​ല്ലവും കോ​ഴി​ക്കോടും ഏറ്റുമുട്ടും. വി​ജ​യി​കൾ പൂൾ എ​യിൽ നി​ന്ന് സെ​മി​യി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും.