കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നഴ്സസ് ഹോസ്റ്റലിൽ നിന്ന് നഴ്സുമാരെ പൂർണമായും ചവിട്ടിപ്പുറത്താക്കാൻ നീക്കം. രണ്ടുവർഷം മുമ്പ് ആരംഭിച്ച നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കാനാണ് നഴ്സുമാരെ പൂർണമായും ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.

ആശുപത്രിയോട് ചേർന്ന് ഗ്രൗണ്ട് ഫ്ലോർ ഉൾപ്പടെ നാല് നിലകളുള്ളതാണ് മെഡിക്കൽ കോളേജിലെ നഴ്സസ് ഹോസ്റ്റൽ. രണ്ട് വർഷം മുമ്പ് ഇവിടെ നഴ്സിംഗ് കോളേജ് ആരംഭിച്ചപ്പോൾ സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ നഴ്സിംഗ് ഹോസ്റ്റലിന്റെ ആദ്യ രണ്ട് നിലകൾ താത്കാലികമായി വിട്ടുനൽകി. കഴിഞ്ഞ വർഷം ഹോസ്റ്റലിന്റെ നാലാമത്തെ നിലയിൽ നിന്ന് നഴ്സുമാരെ ഒഴിപ്പിച്ച് നഴ്സിംഗ് വിദ്യാർത്ഥികളുടെ ഹോസ്റ്റലാക്കി. രണ്ട് ദിവസം മുമ്പ് അവശേഷിക്കുന്ന മൂന്നാമത്തെ നിലയിൽ നിന്ന് ഒഴിഞ്ഞുനൽകണമെന്ന് നഴ്സിംഗ് കോളേജ് അധികൃതർ നഴ്സുമാരോട് ആവശ്യപ്പെടുകയായിരുന്നു. പ്രവേശനം പൂർത്തിയായ പുതിയ ബാച്ചിന് ഹോസ്റ്റൽ സൗകര്യം ഒരുക്കാനാണ് മൂന്നാം നിലയും ഒഴിപ്പിക്കുന്നത്. മൂന്നാം നിലയിൽ 23 മുറികളേ ഉള്ളുവെങ്കിലും 40 ഓളം നഴ്സുമാർ താമസിക്കുന്നുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും ഇതര ജില്ലക്കാരാണ്.

ഹോസ്റ്റൽ ആശുപത്രിയുടെ അടുത്തായതിനാൽ നൈറ്റ് ഡ്യൂട്ടിയെടുക്കുന്ന നഴ്സുമാർക്ക് ഭയക്കാതെ താമസ സ്ഥലത്തേക്ക് പോകാമായിരുന്നു. ഒഴിപ്പിക്കപ്പെട്ടാൽ നഴ്സുമാർ പുറത്ത് വാടകയ്ക്ക് താമസിക്കേണ്ടി വരും. മെഡിക്കൽ കോളേജിനൊപ്പം നിർമ്മാണം പൂർത്തിയായ 10 നിലകളുള്ള നഴ്സുമാരുടെ ക്വാർട്ടേഴ്സ് ഇതുവരെയും തുറന്നുനൽകിയിട്ടില്ല.

നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഹോസ്റ്റലൊരുക്കാൻ

 നഴ്സുമാരുടെ പത്ത് നില ക്വാർട്ടേഴ്സ് പൂട്ടിയിട്ടിരിക്കുന്നു

 ക്വാർട്ടേഴ്സിൽ 40 അപ്പാർട്ട്മെന്റുകൾ

 രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള അടക്കം സൗകര്യം

 തുറക്കാത്തത് അഗ്നിസുരക്ഷാ സംവിധാനമില്ലാത്തതിനാൽ

 ഇതിന്റെ പേരിൽ നഴ്സുമാരെ ഹോസ്റ്റലിൽ നിന്ന് ഒഴിപ്പിക്കുന്നു


നഴ്സിംഗ് കോളേജിന് സ്വന്തം

കെട്ടിടത്തിന് ശ്രമമില്ല

നഴ്സിംഗ് കോളേജ് ആരംഭിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും സ്ഥലം കണ്ടെത്തി സ്വന്തം കെട്ടിടം നിർമ്മിക്കാനുള്ള ശ്രമമില്ല. നേരത്തെ മെഡിക്കൽ കോളേജ് വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയിൽ നിന്ന് നഴ്സിംഗ് കോളേജിനായി സ്ഥലം നൽകാൻ ആലോചനയുണ്ടായിരുന്നെങ്കിലും നടപടികൾ സ്തംഭനത്തിലാണ്.

 കോളേജ് ആരംഭിച്ചത് രണ്ട് വർഷം മുമ്പ്

 ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾ

 മൂന്നാം ബാച്ചിന്റെ പ്രവേശനം പൂർത്തിയായി

നൈറ്റ് ഡ്യൂട്ടിയെടുക്കുന്നവർക്ക് വലിയ ആശ്വാസമാണ് ഹോസ്റ്റൽ. ഒഴിപ്പിക്കപ്പെട്ടാൽ പുറത്ത് താമസിക്കേണ്ടിവരും. രാത്രി ഷിഫ്ടുള്ളപ്പോൾ കടുത്ത പ്രയാസമാകും. വൻതുക വാടകയും നൽകേണ്ടി വരും.

നഴ്സ്, പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ്