photo
ചങ്ങൻകുളങ്ങര പുലിത്തിട്ട ചതു:ഷഷ്ഠി യോഗിനീ സമേത മഹാകാളീ ധർമ്മദൈവ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭത്തിൽ ശ്രീവിദ്യാ ദേവസ്വം മാനേജിംഗ് ട്രസ്റ്റി സൗത്ത് ഇന്ത്യൻ ആർ. വിനോദ് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുന്നു

കരുനാഗപ്പള്ളി: കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്ന് കരുനാഗപ്പള്ളിയിലെ ക്ഷേത്രങ്ങളും ഗുരുക്ഷേത്രങ്ങളും ആശ്രമങ്ങളും ഗ്രന്ഥശാലകളും. ചങ്ങൻകുളങ്ങര പുലിത്തിട്ട ചതു:ഷഷ്ഠി യോഗിനീ സമേത മഹാകാളീ ധർമ്മദൈവ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭത്തിൽ ശ്രീവിദ്യാ ദേവസ്വം മാനേജിംഗ് ട്രസ്റ്റി സൗത്ത് ഇന്ത്യൻ ആർ.വിനോദ് കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന് നൽകി. പടനായർകുളങ്ങര തെക്ക്തോണ്ടലിൽ ശ്രീ ദേവീ നാഗരാജാ ക്ഷേത്രത്തിൽ സാഹിത്യകാരൻ ഡോ.വള്ളിക്കാവ് മോഹൻ ദാസും തുറയിൽക്കുന്ന് കുമാരനാശൻ ഗ്രന്ഥശാലയിൽ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി.വിജയകുമാറും കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം പകർന്നു. ഗ്രന്ഥശാലയിൽ ആരംഭിച്ച വയലിൻ ക്ലാസിന് വയലിനിസ്റ്റ് പാർവതി തുടക്കം കുറിച്ചു. ചടങ്ങിൽ നഗരസഭാ കൗൺസിലർ കെ.പുഷ്പാംഗദൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദുലേഖ, ഷിബു എസ്.വയലകത്ത്, ബിജു തുറയിൽക്കുന്ന്, മേബിൾ റെക്‌സി, ജോസ് തട്ടാരത്ത്, രാഗേഷ് ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി. ചട്ടമ്പിസ്വാമി സമാധി സ്ഥാനമായ പന്മന ആശ്രമത്തിൽ നടന്നു വന്ന നവരാത്രി മഹാത്സവം മഹാ ത്രിപുരസുന്ദരീ പ്രസാദ പൊങ്കാലയോടു കൂടി സമാപിച്ചു. . വിദ്യാരംഭത്തിന് സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ തുടങ്ങിയവർ നേതൃത്വം നൽകി. ഗിരീഷ് ഗുരുപദം വിദ്യാഗോപാല മന്ത്രാർച്ചനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി വിഷ്ണു പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നവചണ്ഡികാ പൂജ, ത്രികാല ഭഗവതി സേവ, കലശാഭിഷേകം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, നാഗപൂജ, ലളിതാ സഹസ്രനാമാർച്ചന, ദേവീമാഹാത്മ്യ പാരായണം എന്നിവയും നടന്നു. നവരാത്രി മഹോത്സവത്തിന് ശതാബ്ദി കോ -ഓർഡിനേറ്റർ ബാലചന്ദ്രൻ, കൈതപ്പുഴ ശ്രീകുമാർ, അശ്വിനി കുമാർ, സുകുമാരൻ,അരുൺ ബാബു, അരുൺ രാജ്, കൃഷ്ണരാജ്, രാജേഷ് പുന്തുവിള തുടങ്ങിയവർ നേതൃത്വം നൽകി.