അഞ്ചൽ: കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുകയാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം നൽകാനും കേന്ദ്രം തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും അറുപതിനായിരം പേർക്ക് പി.എസ്.സി.യിലൂടെ തൊഴിൽ നൽകാൻ സംസ്ഥാനത്തിന് കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായി ക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിച്ച സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. അഞ്ചൽ വി.വി.ടിഎം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പി.എസ്. സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രസംഗം നടത്തി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നൗഷാദ്, ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗം അംബികകുമാരി, സി.പി.എം അ‌ഞ്ചൽ ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ, കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എം. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.