puli
ഇരുപത്തിയെട്ടാം ഓണമഹോത്സവത്തോടനുബന്ധിച്ച് ഓച്ചിറയിൽ നടന്ന പുലികളി

ഓച്ചിറ: 28-ാം ഓണത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രസിദ്ധമായ കാളകെട്ട് മഹോത്സവം പൂർവാധികം പൊലിമയോടെ നടന്നു. കെട്ടുകാളകളുടെ പ്രദർശനം ഇന്നലെയും തുടർന്നു. അവധി ദിവസങ്ങളായതിനാൽ ശനി, ഞായർ ദിവസങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഇരുന്നൂറോളം കെട്ടുകാളകളാണ് ഓച്ചിറ പടനിലത്ത് എത്തിച്ചേർന്നത്. വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴയെ തുടർന്ന് റോഡുകൾ വെള്ളക്കെട്ടുകളായത് കെട്ടുകാളകളുടെ വരവിന് തടസമായി. ഉത്രാട ദിനത്തിൽ കാളമൂടുകളിൽ നടക്കേണ്ടിയിരുന്ന നിറപറസമർപ്പണം, ദീപക്കാഴ്ച, വിവിധ കലാരൂപങ്ങളുടെ പ്രകടനം എന്നിവ നടന്നില്ല. വൈകിട്ട് 6ന് മുമ്പായി കെട്ടുകാളകളെ ക്ഷേത്രാങ്കണത്തിൽ പ്രവേശിപ്പിക്കണെമെന്ന് അധികൃതർ കർശനമായ നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇന്നലെ രാവിലെ ആറുമണിയോടെയാണ് പലകൂറ്റൻ കെട്ടുകാളകളും ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ചത്.

പ്രദർശനം രണ്ടാം ദിനവും

വിജയദശമി ദിനമായ ഇന്നലെയും കെട്ടുകാളകളുടെ പ്രദർശനം തുടർന്നു. നാനാ ദിക്കുകളിൽ നിന്നുള്ള ഭക്തജനപ്രവാഹം രാവിലെ മുതൽ തന്നെ തുടങ്ങിയിരുന്നു. ദീപപ്രഭയിൽ മുങ്ങി നിൽക്കുന്ന കെട്ടുകാളകളുടെ മുന്നിൽ വൈകിട്ട് മുതൽ വിവിധ കലാരൂപങ്ങളുടെ അവതരണം നടന്നു. തിരുവാതിര, നാടൻപാട്ട് തുടങ്ങിയ കലാരൂപങ്ങളുടെ അവതരണത്തിൽ ഓച്ചിറ പടനിലം ശബ്ദമുഖരിതമായിരുന്നു.

പുലികളി

പ്രയാർ പുലികളി സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പുലികളിയായിരുന്നു ഇന്നലത്തെ മുഖ്യആകർഷണം. തൃശൂർ സീതാറാം ദേശം പുലികളി സംഘത്തിന്റെ നേതൃത്വത്തിൽ എഴുപത്തിയഞ്ചോളം കലാകാരന്മാർ പുലികളിയിൽ പങ്കെടുത്തു. പ്രസാദ് ആശാൻ നേതൃത്വം നൽകി. വൈകിട്ട് 3ന് പ്രയാർ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പുലികളി ഏറെ വൈകിയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്.