ചാത്തന്നൂർ: പത്തനാപുരം ഗാന്ധിഭവൻ അധികൃതരും വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം കുടുംബാംഗങ്ങളും പരവൂർ നെടുങ്ങോലം അക്വ ഹെവനിൽ ഇരുപത്തിയെട്ടാം ഓണം ആഘോഷിച്ചു. സംസ്ഥാന സർക്കാർ യൂത്ത് ഐക്കൺ പുരസ്കാര ജേതാവ് അശ്വിൻ പരവൂർ ഗാന്ധിഭവൻ കുടുംബാംഗങ്ങൾക്കായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് വൈസ് ചെയർമാൻ പി.എസ്. അമൽ രാജ് ഉദ്ഘാടനം ചെയ്തു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പരവൂർ കായലിലെ കണ്ടൽ കാടുകൾക്കിടയിലൂടെ വള്ളങ്ങളിലും ബോട്ടുകളിലും നടത്തിയ ജലയാത്ര വൃദ്ധമാതാപിതാക്കൾക്ക് പുതിയ അനുഭവമായി. നൃത്താദ്ധ്യാപിക കലാമണ്ഡലം ദേവിയുടെ നേതൃത്വത്തിൽ നൃത്തപരിപാടികൾ അവതരിപ്പിച്ചു. പരവൂർ നഗരസഭ കൗൺസിലർ അശോക് കുമാർ, ചിറക്കര ഗ്രാമ പഞ്ചായത്ത് അംഗം രതീഷ്, പത്തനാപുരം ഗാന്ധിഭവൻ ഭാരവാഹികളായ അമിതാരാജ്, ആയുഷ് ജെ.പ്രതാപ്, മായ അമൽ എന്നിവർ സംസാരിച്ചു. മെർലിൻ പുരസ്കാര ജേതാവായ അശ്വിൻ പരവൂർ മാജിക് ഷോ അവതരിപ്പിച്ചു. അശ്വിൻ പരവൂരിനെയും കലാമണ്ഡലം ദേവിയെയും ചടങ്ങിൽ ഗാന്ധിഭവൻ ആദരിച്ചു. സ്നേഹാശ്രമം വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, ഓഡിറ്റർ കെ.എം. രാജേന്ദ്രകുമാർ, അസി. സെക്രട്ടറി ആർ.ഡി.ലാൽ, കെ. മോഹനൻ, അസി.മാനേജർ പത്മകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.