
ചാത്തന്നൂർ: പ്രാദേശിക മാദ്ധ്യമ പ്രവർത്തകനും വീഡിയോഗ്രാഫറുമായിരുന്ന പരവൂർ കുറുമണ്ടൽ ആയന്റഴികത്ത് ശിവരാജന്റെ മകൻ ശ്രീകുമാർ (48, പടക്സ്) കടലിൽ വീണ് മരിച്ചു. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്നെത്തിയ സുഹൃത്തുക്കളുമൊത്ത് കാപ്പിൽ പൊഴി മുഖത്ത് കടലിൽ ഇറങ്ങിയ സമയത്ത് തിരയിലകപ്പെടുകയായിരുന്നു. ശ്രീകുമാറിനൊപ്പം മറ്റ് രണ്ട് സുഹൃത്തുക്കളും തിരയിൽപ്പെട്ടെങ്കിലും കൂടെ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ശ്രീകുമാറിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ചുഴിയിൽപ്പെട്ട് താഴ്ന്നുപോവുകയായിരുന്നു. അയിരൂർ പൊലീസും പരവൂർ അഗ്നി രക്ഷാസേനയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ പുലർച്ചെ തെരച്ചിൽ ആരംഭിക്കാനിരിക്കെ തെക്കുംഭാഗം പരക്കട ഭാഗത്ത് തീരത്തടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെകത്തി. പരവൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: ശാന്ത. ഭാര്യ: നിഷ. മക്കൾ: ശ്രീബാല, ശ്രീഭദ്ര.