എഴുകോൺ : ദേശീയ ആരോഗ്യ മിഷൻ കൈയ്യൊഴിഞ്ഞ എഴുകോൺ പോച്ചംകോണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇനി ഗ്രാമപഞ്ചായത്തിന്റെ സായാഹ്ന ചികിത്സ. ഇന്ന് മുതൽ സായാഹ്ന ഓ.പി പ്രവർത്തനം തുടങ്ങും. ഡോക്ടറും നഴ്സും ഉൾപ്പെടെയുള്ള ജീവനക്കാരെ ഗ്രാമപഞ്ചായത്താണ് നിയോഗിച്ചത്. ഇവരുടെ വേതനം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകാനുള്ള തീരുമാനത്തിന് അംഗീകാരമായി. ദീർഘകാലമായുള്ള പൊതുജനങ്ങളുടെ ആവശ്യമാണ് പഞ്ചായത്തിന്റെ നടപടിയിലൂടെ നിറവേറ്റപ്പെടുന്നത്. ഇന്ന് വൈകിട്ട്3ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ എസ്. സുനിൽകുമാർ അദ്ധ്യക്ഷനാകും.
വാർത്ത തുണയായി
മുൻപ് ഒരു തവണ സായാഹ്ന ഓ.പിയുടെ ഉദ്ഘാടനം നടത്തിയിരുന്നു. ഡോക്ടർ എത്താത്തതിനെ തുടർന്ന് പ്രവർത്തനം തുടങ്ങാനായില്ല. ആരോഗ്യ മിഷനിൽ നിന്നായിരുന്നു ഡോക്ടറെ നിയമിച്ചത്. പിന്നീട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഡോക്ടർമാരെ നൽകുന്നത് ആരോഗ്യ മിഷൻ പൂർണമായും നിറുത്തി. താലൂക്ക് ആശുപത്രികളിൽ മതിയായ ഡോക്ടർമാർ ഇല്ലാതെ വന്നതായിരുന്നു കാരണം.
എഴുകോണിൽ സായാഹ്ന ഓ.പി തുടങ്ങാത്തത് സംബന്ധിച്ച് കേരള കൗമുദി നിരന്തരം വാർത്ത നൽകിയിരുന്നു. ഇതോടെയാണ് ഗ്രാമ പഞ്ചായത്ത് തങ്ങളുടേതായ നിലയിൽ ഓ.പി പ്രവർത്തിപ്പിക്കാനുള്ള നടപടിയായത്.
ചികിത്സാ രംഗത്ത് പൊതുജനങ്ങളുടെ സൗകര്യമാണ് പ്രധാനം. അത് പരിഗണിച്ചാണ് പരിമിത വരുമാനമുള്ള പഞ്ചായത്തായിട്ടും ഡോക്ടറെ നിയോഗിക്കാൻ തീരുമാനിച്ചത്. കേരള കൗമുദി ഉൾപ്പെടെയുള്ള മാദ്ധ്യമ വാർത്തകൾ ഇക്കാര്യത്തിൽ പഞ്ചായത്തിന് പ്രേരണയായിട്ടുണ്ട്.
അഡ്വ.ബിജു എബ്രഹാം,
പ്രസിഡന്റ്,എഴുകോൺ ഗ്രാമപഞ്ചായത്ത്