robbery
വാക്കനാട് വായനശാല മുക്കിൽ വൈഷ്ണവത്തിൽ ലളിതമ്മയുടെ വീട്ടിൽ അലമാരകൾ തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ.

എഴുകോൺ : കരീപ്രയിലെ വാക്കനാട് വായനശാല മുക്കിലും മടന്തകോട്ടും ആളില്ലാതിരുന്ന 5 വീടുകൾ കുത്തിത്തുറന്ന് മോഷണം. സ്വർണാഭരണങ്ങളും പണവും സി.സി.ടി.വിയുടെ ഡി.വി.ആർ, ഹാർഡ് ഡിസ്ക്ക് തുടങ്ങിയവ കവർന്നിട്ടുണ്ട്. 11ന് രാത്രിയിലാണ് സംഭവം. വാക്കനാട് വൈഷ്ണവത്തിൽ ടി. ലളിതമ്മ, മടന്തകോട് തുണ്ടുവിള വീട്ടിൽ ഷീല, കുഴിക്കരവീട്ടിൽ സജി, ശാലോമിൽ വർഗീസ്, പ്രണവത്തിൽ രോഹിണി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ലളിതമ്മയുടെയും വർഗീസിന്റെയും ഒഴികെ മറ്റെല്ലാ വീടുകളും നാളുകളായി സ്ഥിരം ആൾ താമസമില്ലാതെ പൂട്ടിക്കിടക്കുകയാണ്. ലളിതമ്മയുടെ വീട്ടിൽ നടന്ന മോഷണ വിവരമാണ് ആദ്യം പുറത്തറിഞ്ഞത്. രണ്ട് ഗ്രാം തൂക്കം വരുന്ന കമ്മൽ ,20000 രൂപ വില വരുന്ന വാച്ച്, പലയിടത്തായി സൂക്ഷിച്ചിരുന്ന 20000 ത്തോളം രൂപ, ഹാർഡ് ഡിസ്ക്ക്, ഡി.വി.ആർ തുടങ്ങിയവയാണ് ഇവിടെ നിന്ന് നഷ്ടമായത്. ഇവർ തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു കവർച്ച. മുൻവാതിലിന് രണ്ട് പൂട്ടുണ്ടായിരുന്ന ഇവിടെ ഒന്ന് അറുത്ത് മാറ്റിയും മറ്റേത് തിക്കിത്തുറന്നുമാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. സി. സി. ടി.വിയുടെ ഹാർഡ് ഡിസ്ക്ക് സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ടും സമാന രീതിയിലാണ് തകർത്തത്.4 സി.സി.ടി.വി കാമറകളും തകർത്ത് അടുത്ത പുരയിടത്തിൽ എറിഞ്ഞിരുന്നു. ഷീല രണ്ട് വർഷമായി കണ്ണൂരിലും രോഹിണിയുടെ കുടുംബം അമേരിക്കയിലുമാണ്. സജിയുടെ വീടും വർഷങ്ങളായി പൂട്ടി കിടക്കുകയാണ്. വർഗീസ് മോഷണത്തിന് തലേ ദിവസമാണ് വീട് പൂട്ടി ബന്ധു വീട്ടിലേക്ക് പോയത്. ഇവരുടെ വീടുകളിൽ പണമോ സ്വർണമോ സൂക്ഷിച്ചിരുന്നില്ല.രോഹിണിയുടെ വീട്ടിലും സി.സി.ടി.വി കാമറകൾ തകർക്കുകയും ഡി.വി.ആറും ഹാർഡ് ഡിസ്ക്കും എടുത്തു കൊണ്ട് പോവുകയും ചെയ്തിട്ടുണ്ട്.

മോഷണം പുറത്ത് നിന്ന് ഗേറ്റ് പൂട്ടിയ വീടുകളിൽ

മോഷണം നടന്ന അഞ്ചു വീടുകളിലും ഗേറ്റ് പുറത്ത് നിന്ന് പൂട്ടിട്ട് പൂട്ടിയിരിക്കുകയായിരുന്നു. നാല് വീടുകളുടെയും മുൻവാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.വിരലടയാളം പതിയാൻ ഇടയുള്ളിടത്തൊക്കെ കോഴിമുട്ട പൊട്ടിച്ച് തേക്കുകയോ സുഗന്ധ ദ്രവ്യങ്ങൾ സ്പ്രേ ചെയ്യുകയോ ചെയ്തിട്ടുണ്ട് . ശാസ്ത്രീയ പരിശോധനയിൽ വിരലടയാളവും പൊലീസ് നായകൾക്ക് മണവും കിട്ടാതിരിക്കാനുമാണ് ഇത്. എഴുകോൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.