കൊല്ലം: പൂട്ടിക്കിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറന്ന് പ്രവത്തിപ്പിക്കാൻ പുനരുദ്ധാരണ പാക്കേജിൽ പദ്ധതിയുണ്ടോയെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് ഓൾ കേരള കാഷ്യുനട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റും യു.ടി.യു.സി ദേശീയ പ്രസിഡന്റുമായ എ.എ.അസീസ് ആവശ്യപ്പെട്ടു.
എട്ടുവർഷമായി 700 ഓളം സ്വകാര്യ ഫാക്ടറികളാണ് പൂട്ടിക്കിടക്കുന്നത്. പത്തിൽപരം ഫാക്ടറികൾ പൊളിച്ച് ഭൂമി വിറ്റു. നിരവധി വ്യവസായികൾ ലൈസൻസ് ക്യാൻസൽ ചെയ്ത് കിട്ടാൻ ഡയറക്ടറേറ്റിൽ അപേക്ഷ സമർപ്പിച്ചു. മുൻ സക്കാരിന്റെ കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് 2000 രൂപ ആശ്വാസ ധനം നൽകിയിരുന്നു. പിണറായി സർക്കാർ ഫാക്ടറികൾ തുറക്കാൻ നടപടി സ്വീകരിക്കാതെ വ്യവസായികളെ സഹായിക്കാനുള്ള പാക്കേജാണ് പ്രഖ്യാപിക്കുന്നത്. ഉടമകളാകട്ടെ സർക്കാർ സഹായം വാങ്ങി ഫാക്ടറികൾ തുറക്കുന്നില്ല. ഇക്കാര്യത്തിൽ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി അറിയാൻ മന്ത്രിമാർ തയ്യാറാകണമെന്ന് എ.എ.അസീസ് ആവശ്യപ്പെട്ടു.