കൊല്ലം: ഏജന്റുമാർക്ക് ലഭിച്ചിരുന്ന ഏജൻസി കമ്മിഷൻ ഏകപക്ഷീയമായി വെട്ടിക്കുറച്ച എൽ.ഐ.സി മാനേജ്മെന്റ് നടപടി പുനഃപരിശോധിക്കണമെന്ന് ഓൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ പ്രസിഡന്റ് എൻ.കെ.പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിശദമായ നിവേദനം കേന്ദ്ര ധനമന്ത്രിക്കും, എൽ.ഐ.സി ചെയർമാൻ, മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ എന്നിവർക്കും നൽകി.
ഒക്ടോബർ 1 മുതൽ നിലവിൽ വരത്തക്കവിധത്തിലാണ് ഉത്തരവ്. 1956 ൽ എൽ.ഐ.സി രൂപീകരിച്ച ശേഷമുള്ള കഴിഞ്ഞ 7 ദശാബ്ദത്തിനിടയിൽ ഇതാദ്യമായാണ് ഏജന്റ് കമ്മിഷൻ വെട്ടിക്കുറയ്ക്കുന്നത്. ലൈഫ് ഇൻഷ്വറൻസ് മേഖലയിൽ സ്വകാര്യ കമ്പനികൾ വന്നെങ്കിലും 74 ശതമാനം മാർക്കറ്റ് ഷെയർ ഇപ്പോഴും എൽ.ഐ.സിക്കാണ്. കമ്മിഷൻ വെട്ടിക്കുറച്ച് ഏജന്റ്സിനെ നിരുത്സാഹപ്പെടുത്തി സ്വകാര്യ മേഖലയെ സഹായിക്കാനുള്ള ബോധപ്പൂർവമായ നടപടിയാണ് എൽ.ഐ.സി മാനേജ്മെന്റും കേന്ദ്ര സർക്കാരും ഐ.ആർ.ഡി.എയും സ്വീകരിക്കുന്നതെന്ന് എം.പി ആരോപിച്ചു.