കൊട്ടാരക്കര: കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രികനായ വൃദ്ധന്റെ കാലിൽ ബസ് കയറിയിറങ്ങി. വലതുകാൽ ചതഞ്ഞരഞ്ഞു. ആലപ്പുഴ രാമങ്കരി കാരയ്ക്കാട്ട് മഠത്തിൽ ഈശ്വരൻ പോറ്റിയുടെ(72) കാലിനാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിൽ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. കുടുംബവുമാെത്ത് വെമ്പായത്തേക്കുള്ള ബസ് കയറാൻ തുടങ്ങവെയായിരുന്നു അപകടം. സ്വിഫ്ട് ബസ് മുന്നോട്ടെടുക്കവെ ഈശ്വരൻ പോറ്റിയുടെ കാലിൽക്കൂടി കയറിയിറങ്ങുകയായിരുന്നു. ഉടൻതന്നെ പിങ്ക് പൊലീസ് എത്തി പൊലീസ് വാഹനത്തിൽ കയറ്റാൻ തുടങ്ങിയപ്പോഴേക്കും ആംബുലൻസെത്തി. തുടർന്ന് ഈശ്വരൻപോറ്റിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തി പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. കഴിഞ്ഞ ആഴ്ചയിൽ കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിലും സമാന സംഭവമുണ്ടായി ഒരാളുടെ കാൽ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.