
തൊടിയൂർ: സ്വപ്നങ്ങൾ ബാക്കിയാക്കി യാത്ര അവസാനിപ്പിച്ച യുവ സംരംഭക രശ്മി പ്രമോദ് അന്ത്യനിദ്രയ്ക്കായ് തിങ്കളാഴ്ച രാവിലെ ജന്മനാടായ കരുനാഗപ്പള്ളിയിൽ നിന്ന് ഭർത്തൃ ദേശമായ മല്ലപ്പള്ളിയിലേക്ക് മടങ്ങുന്നു. കരുനാഗപ്പള്ളി കല്ലേലിഭാഗം കണ്ണാടിയിൽ ഉമ്മൻ തോമസിന്റെയും ലിസിയുടെയും മകൾ രശ്മി (39) തന്റെ എൽ.എൽ.ബി.സർട്ടിഫിക്കറ്റ് വാങ്ങുാ ഭർത്താവ് പ്രമോദ് (41), മകൻ ആരോൺ (14) എന്നിവർക്കൊപ്പം കാറിൽ ബംഗളൂരുവിലേക്ക് പോകുമ്പോൾ എറണാകുളം കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം നിറുത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്.
ഭർത്താവിനും മകനും ഗുരുതരമായി പരിക്കേറ്റു. മല്ലപ്പള്ളി തെക്കേമുറിയിൽ പ്രമോദ് ഭവനിൽ എം.വി.വർഗീസിന്റെയും മേരിക്കുട്ടിയുടെയും മകനാണ് പ്രമോദ്. കാർ ഓടിച്ചിരുന്ന പ്രമോദ് ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് നിഗമനം. കഴിഞ്ഞ 8 ന് പുലർച്ചെ 3ന് രശ്മി ഇപ്പോൾ താമസിച്ചുവരുന്ന കല്ലേലിഭാഗം ഗാന്ധി മുക്കിന് സമീപത്തെ തെക്കേവിളയിൽ ആരോൺ കോട്ടേജിൽ നിന്നാണ് മൂന്നംഗ കുടുംബം ബംഗളൂരുവിലേക്ക് യാത്ര പുറപ്പെട്ടത്. രാവിലെ 6.30 നായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ ഫിഡസ് അക്കാഡമി എന്ന സ്ഥാപനം നടത്തി വരികയായിരുന്നു രശ്മി. തൊഴിൽ തേടി വിദേശ രാജ്യങ്ങളിൽ പോകുന്നവർക്ക് സ്പോക്കൺ ഇംഗ്ലീഷിലും മറ്റ് നിരവധി വിദേശഭാഷകളിലും ഇവിടെ പരിശീലനം നൽകിവരുന്നു. പുറമേ, സി.ഇ.ടി ട്രെയിനിംഗ്, ഐ.ഇ.എൽ.ടി.എസ് പരിശീലവും നൽകിയിരുന്നു. ഭർത്താവ് പ്രമോദും രശ്മിയും ചേർന്ന് കെട്ടിപ്പടുത്ത ഫിഡസ് അക്കാഡമിയുടെ എം.ഡിയായിരുന്നു രശ്മി പ്രമോദ്. ഒന്നര പതിറ്റാണ്ടായി കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് പടിഞ്ഞാറ് പ്രവർത്തിച്ചുവന്ന ഫിഡസ് അക്കാഡമി അടുത്തിടെ ദേശീയപാതയിൽ ലാലാജി ജംഗ്ഷന് വടക്കുവശം വിപുലമായ സൗകര്യങ്ങളോടെ മാറ്റി സ്ഥാപിക്കുകയുണ്ടായി. ഓച്ചിറ പരബ്രഹ്മ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള രശ്മിയുടെ മൃതദേഹം ഇന്ന് രാവിലെ 7 ന് കല്ലേലിഭാഗം ഗാന്ധിമുക്കിന് സമീപത്തെ രശ്മിയുടെ വസതിയായ തെക്കേമുറിയിൽ ആരോൺ കോട്ടേജിൽ കൊണ്ടുവരും. 9 വരെ ഇവിടെ പൊതു ദർശനത്തിന് വച്ച ശേഷം മല്ലപ്പള്ളി തെക്കേമുറിയിൽ പ്രമോദ് ഭവനിലേക്ക് കൊണ്ടുപോകും. വൈകിട്ട് 2.30ന് മല്ലപ്പള്ളി കീഴ്വായ്പ്പൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രമോദിന് സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് തിങ്കളാഴ്ച വരെ സമയം നീട്ടിയത്. സംസ്കാരം കഴിഞ്ഞ ശേഷം പ്രമോദ് ചികിത്സയിലായിരുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മടങ്ങും. രശ്മിയുടെ വിയോഗ വാർത്ത ഡോക്ടർമാരാണ് പ്രമോദിനെ അറിയിച്ചത്.