photo
അവശനിലയിലായ വയോധികയ്ക്ക് ആശ്വാസതണലേകി ആശ്രയ സങ്കേതം

കൊട്ടാരക്കര : അവശനിലയിൽ കഴിയുകയായിരുന്ന വൃദ്ധയ്ക്ക് ആശ്വാസത്തണലേകി കലയപുരം ആശ്രയ സങ്കേതം. തമിഴ്നാട് തിരുനൽവേലി സ്വദേശിനിയായ ജ്ഞാന പുഷ്പമ്മാളിനെയാണ് (58) ആശ്രയ ഏറ്റെടുത്തത്. മുപ്പത് വർഷം മുമ്പാണ് ഭർത്താവിനും ഏകമകളോമോടോപ്പം ഇവർ കേരളത്തിലെത്തിയത് . ആക്രി പെറുക്കി വിറ്റായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. എന്നാൽ ഭർത്താവിന്റെയും മകളുടെയും മരണം പുഷ്പമ്മാളിനെ തനിച്ചാക്കി. അതോടെ ശാരീരിക വിഷമങ്ങളോടൊപ്പം മാനസിക ബുദ്ധിമുട്ടുകളും വന്നു. ജോലിയ്ക്ക് പോകാൻ കഴിയാതെ വന്നതോടെ ഭക്ഷണത്തിനും ബുദ്ധിമുട്ടായി . ഇവരുടെ ദയനീയാവസ്ഥ കണ്ട കൊട്ടാരക്കര , പടിഞ്ഞാറ്റിൻക്കര സ്വദേശിനിയായ ശാന്തമ്മയും വെഹിക്കിൾ ഇൻസ്പെക്ടറായ മകൾ മഞ്ജുവും തങ്ങളുടെ വീട്ടിൽ പുഷ്പമ്മാളിനെ താമസിപ്പിച്ച് ആവശ്യമായ പരിചരണം നൽകി. അയൽവാസിയായ പൊന്നമ്മയും സഹായത്തിനുണ്ടായിരുന്നു. എന്നാൽ ജ്ഞാനപുഷ്പമ്മാളുടെ ഇരുവൃക്കകളും തകരാറിലായതോടെ അവരുടെ ജീവിതം കൂടുതൽ ദുസ്സഹമായി. ഇവരെക്കുറിച്ചുള്ള വിവരം ആശ്രയയിൽ അറിയിച്ചതിനെ തുടർന്ന് ജനറൽ സെക്രട്ടറി കലയപുരം ജോസിന്റെ നേതൃത്വത്തിൽ ജ്ഞാനപുഷ്പമ്മാളിനെ ഏറ്റെടുത്തു .തുടർന്ന് അടിയന്തര ചികിത്സയ്ക്കായി തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.