police

കൊല്ലം: സ്വന്തമായി ഭൂമിയും കെട്ടിടവുമില്ലാതെ വാടകക്കെട്ടിടത്തിലെ അഞ്ച് കുടുസ് മുറികളിൽ വർഷങ്ങളായി ശ്വാസംമുട്ടുകയാണ് ഇരവിപുരം പൊലീസ് സ്റ്റേഷൻ. സ്റ്റേഷന് പുന്നിൽ താത്കാലികമായി നിർമ്മിച്ച ഷെഡിലിരുന്നാണ് ഉദ്യോഗസ്ഥർ കേസെഴുതുന്നത്.

പഴയ വീടായതിനാൽ മുറികളെല്ലാം ചെറുതാണ്. റെക്കാഡ് റൂമും ആർമ്സ് റൂമും ഒരുമിച്ചാണ്. രാത്രിയടക്കം 12 മണിക്കൂറിലേറെ തുടർച്ചയായി ജോലി ചെയ്യുന്ന പൊലീസുകാർക്ക് വിശ്രമിക്കാൻ ഇടവുമില്ല. ഡ്യൂട്ടിക്കിടയിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നവർക്ക് കിടക്കാൻ ഒരു കട്ടിൽ മാത്രം. പുരുഷ പൊലീസുകാർ യൂണിഫോം മാറുന്നതും ഈ മുറിയിലാണ്. മുപ്പതിലേറെ പൊലീസുകാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഒരു ടോയ്‌ലെറ്റാണുള്ളത്. പരാതിയുമായി എത്തുന്നവർക്ക് കാര്യമായി ഇരിപ്പിടങ്ങളില്ല. പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ല. കേസിൽപ്പെട്ട വാഹനങ്ങൾ സ്റ്റേഷന് മുന്നിലെ റോഡ് വക്കിൽ സൂക്ഷിക്കുന്നത് ഗതാഗത തടസവും സൃഷ്ടിക്കുന്നു.

സ്റ്റേഷൻ ആരംഭിച്ചത് മുതൽ സ്വന്തം കെട്ടിടം നിർമ്മിക്കാൻ സ്ഥലത്തിനായി ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. അഞ്ച് വർഷം മുമ്പ് തട്ടാമലയിൽ സ്ഥലം അനുവദിച്ചെങ്കിലും പ്രാദേശിക എതിർപ്പിൽ കുടുങ്ങി. കെട്ടിട നിർമ്മാണത്തിനായി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച മൂന്ന് കോടി രൂപയും പാഴായി.

തെക്കും വടക്കും നെട്ടോട്ടം

അശാസ്ത്രീയമായ അധികാരപരിധി നിർണയമാണ് ഇരവിപുരം സ്റ്റേഷന്റെ മറ്റൊരു ദുരിതം. തീരദേശത്ത് കളീക്കൽ മുതൽ പൊഴിക്കര വരെയും ദേശീയപാതയുടെ ഒരുവശത്ത് മേവറം മുതൽ പോളയത്തോട് വരെയും മറുവശത്ത് കൊച്ചുഡീസന്റ് മുക്ക് മുതൽ പാർവ്വത്യാർമുക്ക് വരെയുമാണ് അധികാര പരിധി. സ്റ്റേഷനിൽ നിന്നും പല അതിർത്തികളും തമ്മിൽ 10 കിലോമീറ്ററിലേറെ ദൂരമുണ്ട്.

സ്റ്റേഷൻ ആരംഭിച്ചത് 2009 ജനുവരി 1ന്

കൊല്ലം ഈസ്റ്റ്, കൊട്ടിയം സ്റ്റേഷനുകൾ വിഭജിച്ചു

കേസുകളുടെ എണ്ണത്തിൽ ജില്ലയിൽ മുന്നിൽ

കോർപ്പറേഷന്റെ 15 ഡിവിഷനുകൾ

മയ്യനാട് പഞ്ചായത്തിലെ 11 വാർഡുകൾ

ഏഴ് സുനാമി ഫ്ലാറ്റുകൾ

ഇവിടങ്ങളിൽ നിരന്തരം പ്രശ്നം

ഉദ്യോഗസ്ഥർക്ക് കടുത്ത ജോലിഭാരം

മാനസിക സമ്മർദ്ദം, അവധി ലഭിക്കില്ല

രണ്ട് എസ്.ഐ തസ്തിക കാലി

വൻമതിലായി റെയിൽവേ ലൈൻ

ഇരവിപുരം സ്റ്റേഷന്റെ അധികാരപരിധിയുടെ മദ്ധ്യഭാഗത്ത് കൂടിയാണ് റെയിൽവേ ലൈൻ കടന്നുപോകുന്നത്. ഇതിനിടയിൽ ആറ് റെയിൽവേ ഗേറ്റുകളുണ്ടെങ്കിലും ഒരിടത്ത് പോലും മേൽപ്പാലമില്ല. ട്രെയിനുകൾ കടന്നുപോകുമ്പോൾ ആറ് ഗേറ്റുകളും മിനിറ്റുകളുടെ വത്യാസത്തിൽ അടയും. ഈസമയം സ്റ്റേഷനിലെ രണ്ട് ജീപ്പുകളും റെയിൽവേ ലൈനിന്റെ ഒരുവശത്താണെങ്കിൽ മറുവശത്ത് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അവിടെയെത്താൻ ഗേറ്റ് തുറക്കുന്നത് വരെ കാക്കണം.

ശരാശരി കേസ്- 2000 (പ്രതിവർഷം)

ജീപ്പ് - 2

തസ്തിക - 45

നിലവിലുള്ളത് -43 പേർ

വേണ്ട ഉദ്യോഗസ്ഥർ - 60

സ്റ്റേഷനുള്ളിലും പുറത്ത് കേസിൽപ്പെട്ട വാഹനങ്ങൾ സൂക്ഷിക്കുന്നതിനും സ്ഥലപരിമിതിയുണ്ട്. സ്വന്തം കെട്ടിടത്തിന് സ്ഥലം കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്.

ആർ. രാജീവ്, ഇരവിപുരം എസ്.എച്ച്.ഒ