കൊല്ലം: ഇ.എസ്.ഐ നയം മാറ്റിയതോടെ കൊല്ലത്ത് പുതിയ ഇ.എസ്.ഐ മെഡിക്കൽ കോളേജിന് സാദ്ധ്യത തെളിയുന്നു. പത്ത് മെഡിക്കൽ കോളേജുകൾ പുതുതായി തുടങ്ങുന്ന കാര്യം ബോർഡ് യോഗത്തിൽ അജണ്ടയായപ്പോൾ ബോർഡ് അംഗമായ എൻ.കെ.പ്രേമചന്ദ്രൻ എം.പിയാണ് കൊല്ലം ആശ്രാമം ഇ.എസ്.ഐ മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മെഡിക്കൽ കോളേജാക്കി മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്.
ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ കേന്ദ്രമന്ത്രി മൻസുഖ് മണ്ഡാവ്യ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതോടെയാണ് മെഡിക്കൽ കോളേജ് തുടങ്ങാനുള്ള സാദ്ധ്യത തെളിഞ്ഞത്. നിലവിൽ 200 കിടക്കകളുള്ള ആശുപത്രിയാണ് ആശ്രാമത്തേത്. 100 കിടക്കകൾ കൂടി വർദ്ധിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. മെഡിക്കൽ കോളേജ് തുടങ്ങുന്നതിന് കുറഞ്ഞത് മുന്നൂറ് കിടക്കകളുള്ള ആശുപത്രി വേണമെന്ന ആദ്യ കടമ്പ ഇതോടെ കടന്നുകിട്ടും.
നിലവിൽ ആശ്രാമം ഇ.എസ്.ഐ ആശുപത്രിയ്ക്ക് ഏഴ് ഏക്കർ ഭൂമിയാണുള്ളത്. കുറഞ്ഞത് 25 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളേജ് തുടങ്ങാൻ വേണ്ടത്. ഇത് കണ്ടെത്തുകയാണ് പ്രധാന കടമ്പ. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ താത്പര്യമെടുക്കേണ്ടി വരും. നിയമക്കുരുക്കിലുള്ള കൊല്ലം പാർവതി മില്ലിന്റെ ഭൂമി വിട്ടുകിട്ടിയാൽ മെഡിക്കൽ കോളേജ് തുടങ്ങുന്നതിന്റെ ഭൂമി പ്രശ്നത്തിന് പരിഹാരമാകും. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ധാരണയുണ്ടാക്കിയാൽ കോടതി നടപടികളിലും പരിഹാരമുണ്ടാകും. ഭൂമി ഏറ്റെടുക്കാനായാൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് കോർപ്പറേഷന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സംസ്ഥാന സർക്കാർ സഹകരിക്കുന്നതോടെ ജില്ലാ ആശുപത്രിയെ കൂടി മെഡിക്കൽ കോളേജുമായി ബന്ധപ്പെടുത്താനാകും.
നയം മാറ്റം ഗുണകരം
 മെഡിക്കൽ വിദ്യാഭ്യാസത്തിന് മെഡിക്കൽ കോളേജുകൾ തുടങ്ങാനുള്ള നയപരമായ മാറ്റം പ്രതീക്ഷ നൽകുന്നു
 നേരത്തെ പാരിപ്പള്ളിയിൽ ഇ.എസ്.ഐ മെഡിക്കൽ കോളേജ് തുടങ്ങാൻ സൗകര്യങ്ങൾ ഒരുക്കിയപ്പോഴാണ് 2014ൽ നയം മാറ്റമുണ്ടായത്
 വിദ്യാഭ്യാസ രംഗത്തുനിന്ന് പിൻവാങ്ങാൻ ഇ.എസ്.ഐ കോർപ്പറേഷൻ അന്ന് തീരുമാനിച്ചു
 പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാരിന് കൈമാറി
 2023 ആഗസ്റ്റ് 31ന് ചേർന്ന ബോർഡ് യോഗം വീണ്ടും നയംമാറ്റി
 പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാൻ തത്വത്തിൽ അംഗീകാരം
 തുടർന്ന് ചേർന്ന ബോർഡ് യോഗത്തിലാണ് എം.പി നിർദ്ദേശം മുന്നോട്ടുവച്ചത്
കൊല്ലത്ത് ഇ.എസ്.ഐ മെഡിക്കൽ കോളേജ് തുടങ്ങാമെന്ന് ഡയറക്ടർ ബോർഡ് യോഗത്തിൽ കേന്ദ്രമന്ത്രി മൻസുഖ് മണ്‌ഡാവ്യ ഉറപ്പ് നൽകി. ഇക്കാര്യത്തിൽ പഠനം നടത്താൻ ഇ.എസ്.ഐ ഡയറക്ടർ ജനറലിനെ ചുമതലപ്പെടുത്തി. ഇനി സംസ്ഥാന സർക്കാരിന്റെ സഹായം കൂടി ലഭിക്കണം. എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തും.
എൻ.കെ.പ്രേമചന്ദ്രൻ എം.പി