കൊല്ലം: പത്തനാപുരം തലവൂർ തത്തമംഗലം സ്വദേശിയായ പത്ത് വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിട്ടും കടുത്ത പനിയും ഛർദ്ദിയും മാറാഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

പത്ത് വയസുകാരൻ കഴിഞ്ഞ 5ന് കൂട്ടുകാരനുമൊത്ത് വീടിനടുത്തുള്ള പത്തുപറ ഏല തോട്ടിൽ മീൻ പിടിക്കാൻ പോയിരുന്നു. ഇതിനിടയിലാകാം രോഗകാരിയായ നേഗ്ലെറിയ ഫൗലേറി എന്ന അമീബ ശരീരത്തിൽ പ്രവേശിച്ചതെന്ന് കരുതുന്നു. കടുത്ത പനിയെ തുടർന്ന് 11ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടയിൽ പനിക്ക് പുറമേ തലവേദനയും ഛർദ്ദിയും കടുത്തതോടെ 12ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13ന് തിരുവനന്തപുരം എസ്.എ.ടിയിലേക്ക് മാറ്റി.

രോഗം ബാധിച്ച കുട്ടി തോട്ടിൽ മുങ്ങിക്കുളിച്ചില്ലെന്നാണ് ഒപ്പമുണ്ടായിരുന്ന പതിനൊന്നുകാരനായ കൂട്ടുകാരൻ പറയുന്നത്. എന്നാൽ കാലിൽ ചെറിയ മുറിവുണ്ടായിരുന്നു. കൂട്ടുകാരന് നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പ് തോട്ടിൽ നിന്ന് വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഡി.എം.ഒയുടെ നേതൃത്വത്തിൽ ഇന്ന് സ്ഥലം സന്ദർശിച്ച് പ്രദേശത്ത് മറ്റാർക്കെങ്കിലും രോഗം ഉണ്ടോയെന്ന് പരിശോധിക്കും.

കൂടാതെ പത്തുപറ ഏലത്തോടിന്റെ ഓരങ്ങളിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. തലവൂർ പി.എച്ച്.സിയിലെ ഡോക്ടറുടെ നേതൃത്വത്തിൽ സമീപത്തെ വീടുകൾ സന്ദർശിച്ച് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തേടണമെന്ന് മുന്നറിയിപ്പ് നൽകി. പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലെല്ലാം ശുചീകരണം ആരംഭിച്ചു.