പുനലൂർ: പത്ത് നിലയുള്ള പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് അനുവദിച്ചതായി പി.എസ്.സുപാൽ എം.എൽ.എ അറിയിച്ചു. ഏറ്റവും കൂടുതൽ രോഗികൾ ചികിത്സ തേടി എത്താറുള്ള താലൂക്ക് ആശുപത്രിയിൽ എയ്ഡ് പോസ്റ്റ് വേണമെന്ന് ആശുപത്രി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും രോഗികളുടെയും ആവശ്യം കണക്കിലെടുത്ത് എം.എൽ.എ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയതിനെ തുടർന്നാണ് പുതിയ എയ്ഡ്പോസ്റ്റ് അനുവദിച്ചത്. താലൂക്ക് ആശുപത്രി സന്ദർശിച്ച പൊലീസ് ഉദ്യോഗസ്ഥർ എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. എയ്ഡ് പോസ്റ്റിന് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പ് വരുത്താൻ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് എം.എൽ.എ നിർദ്ദേശവും നൽകി. ക്രമീകരണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനവും ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.