കൊല്ലം: 2024ലെ ഇന്റർനാഷണൽ ഗ്രീൻ ഗൗൺ പുരസ്കാരം അമൃത വിശ്വവിദ്യാപീഠത്തിന്. പരിസ്ഥിതി, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളും സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് പുരസ്കാരം. ബെനഫിറ്റിംഗ് സൊസൈറ്റി വിഭാഗത്തിൽ അമൃത വിശ്വവിദ്യാപീഠത്തിൽ ആരംഭിച്ച ലിവ് ഇൻ ലാബ്‌സ് പദ്ധതിയുടെ മികച്ച പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹമാക്കിയത്. പ്രാദേശിക സർക്കാർ സംവിധാനങ്ങളും വിഷയവിദഗ്ദ്ധരും സംരംഭത്തിൽ പങ്കാളികളാണ്. അമൃത വിശ്വവിദ്യാപീഠത്തിന്റെ ചാൻസലർ മാതാ അമൃതാനന്ദമയി 2013 ലാണ് ലിവ് ഇൻ ലാബ്സ് സംരംഭം ആരംഭിച്ചത്.
28 രാജ്യങ്ങളിൽ നിന്നായി 95 സർവകലാശാലകളിൽ നിന്ന് ഒന്നാമതെത്തിയാണ് അമൃത വിശ്വവിദ്യാപീഠം പുരസ്കാരം സ്വന്തമാക്കിയത്. പരിസ്ഥിതി നേതൃത്വത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് ലഭിച്ച അംഗീകാരത്തിൽ അഭിമാനമുണ്ടെന്ന് അമൃത വിശ്വവിദ്യാപീഠം പ്രൊ വോസ്റ്റ് ഡോ. മനീഷ.വി.രമേഷ് അറിയിച്ചു.