citu-

കൊല്ലം: നിശ്ചിത തൊഴിൽ ദിനങ്ങൾ ലഭ്യമല്ലെന്നതിന്റെ പേരിൽ ഇ.എസ്.ഐ ഗുണഭോക്താക്കളായ തൊഴിലാളികൾക്ക് ചികിത്സാ ആനുകൂല്യം നിഷേധിക്കുന്ന സ്ഥിതി ഇ.എസ്.ഐ കോർപ്പറേഷനും കേന്ദ്രസർക്കാരും അടിയന്തരമായി തിരുത്തണമെന്ന് സി.ഐ.ടി.യു ജില്ലാ ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.

തോട്ടണ്ടി ലഭ്യമല്ലാത്തതിനാൽ കശുഅണ്ടി മേഖലയിൽ തൊഴിൽ ദിനങ്ങൾ കുറയുന്നത് തൊഴിലാളികളുടെ കുറ്റമല്ല. അതിന്റെ പേരിൽ സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള സ്ത്രീകളും ദരിദ്രരുമായ തൊഴിൽ വിഭാഗങ്ങൾക്ക് ചികിത്സ നിഷേധിക്കുന്ന നടപടി മനുഷ്യത്വരഹിതമാണ്. അടിയന്തരമായി 500 കോടിയുടെ പാക്കേജ് അനുവദിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ജെ.മേഴ്‌സിക്കുട്ടിഅമ്മ, മുതിർന്ന നേതാവ് എൻ.പത്മലോചനൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നെടുവത്തൂർ സുന്ദരേശൻ, അഡ്വ. പി.സജി, സംസ്ഥാന സെക്രട്ടറിമാരായ കെ.എസ്.സുനിൽ കുമാർ, എസ്.ഹരിലാൽ, സംസ്ഥാന കമ്മിറ്റി അംഗം എസ്.സുദേവൻ, ടി.മനോഹരൻ, എ.സഫറുള്ള, കെ.ജി.ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ട്രഷറർ എ.എം.ഇക്ബാൽ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി ജി.ആനന്ദൻ നന്ദിയും പറഞ്ഞു.