കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ മലയാളി ദമ്പതികളെ ബോധംകെടുത്തി കവർച്ചചെയ്ത കേസിൽ എറണാകുളം സൗത്ത് റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി. തമിഴ്‌നാട് ജോളാർപേട്ട് റെയിൽവേ പൊലീസ് രജിസ്റ്റർചെയ്ത എഫ്.ഐ.ആർ തുടരന്വേഷണത്തിനായി സൗത്ത് റെയിൽവേ പൊലീസി​ന് കൈമാറി. കവർച്ചനടന്നത് ആലുവയിൽ വച്ചാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണ് സൂചന.

കൊല്ലം - വിശാഖപട്ടണം എക്‌സ്‌പ്രസിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തമിഴ്‌നാട്ടിലെ ഹൊസൂരിൽ സ്ഥിരതാമസക്കാരായ പത്തനംതിട്ട വടശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവർച്ചയ്ക്കിരയായത്. സ്വർണാഭരണങ്ങളും മൊബൈൽഫോണുകളും ബാഗും ഉൾപ്പെടെയുള്ള വിലപിടിച്ച വസ്തുക്കളെല്ലാം നഷ്ടമായി​. കായംകുളത്തുനിന്ന് ട്രെയിനിൽ കയറിയ ഇവർക്ക് ജോളാർപേട്ട സ്റ്റേഷനിലായിരുന്നു ഇറങ്ങേണ്ടത്.

ഒമ്പതരയോടെ ദമ്പതികൾ ഭക്ഷണംകഴിച്ച് ഉറങ്ങാൻ കിടന്നെങ്കിലും മറിയാമ്മയ്ക്ക് ചുമവന്നു. തുടർന്ന് ഫ്ളാസ്കിലുണ്ടായിരുന്ന വെള്ളം കുടിച്ചതിനുശേഷം ഇരുവരും ബോധരഹിതരായി. ജോളാർപേട്ട് സ്റ്റേഷനിൽ രാജുവും മറിയാമ്മയും ഇറങ്ങിയില്ലെന്ന് മനസിലാക്കിയതോടെ മകൻ ഷിനു റെയിൽവേ പൊലീസിന്റെ സഹായംതേടി. അങ്ങനെയാണ് ബോധരഹിതരായ ഇവരെ തൊട്ടടുത്ത കാട്പാടി സ്റ്റേഷനിൽവച്ച് കണ്ടെത്തുന്നത്. മകന്റെ പരാതിയിലാണ് കേസ്. ബർത്തിന് അരികിൽവച്ച ഫ്‌ളാസ്‌കിലെ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയോ എന്നാണ് സംശയം. ദമ്പതികൾ വെല്ലൂർ സി.എം.സി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ ഇന്ന് ആശുപത്രി വിടും. സൗത്ത് റെയിൽവേ പൊലീസ് സംഘം വെല്ലൂരിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തും.