hand

കൊല്ലം: ഉറക്കത്തിൽ അബദ്ധത്തിൽ ജന്നൽ ചില്ലിൽ ഇടിച്ച് കുടുങ്ങിയ കൈക്കേറ്റ ഗുരുതര പരിക്ക് ശ്രമകരമായ ശസ്‌ത്രക്രിയയിലൂടെ പൂർവ സ്ഥിതിയിലാക്കി കൊല്ലം ശങ്കേഴ്‌സ് ആശുപത്രി കാർഡിയോ തൊറാസിക് ആൻഡ് വാസ്‌കുലർ സർജറി വിഭാഗം.

ഇരുപത്തിയേഴുകാരനായ കൊല്ലം സ്വദേശിയെ കഴിഞ്ഞ ദിവസമാണ് രക്തം വാർന്ന് അവശനിലയിൽ ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം ശങ്കേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവിന്റെ ആഴം മൂലം രക്തം വാർന്നൊഴുകുന്ന നിലയിലാണ് എത്തിച്ചത്.

ചില്ലിൽ കുടുങ്ങിയ കൈ വലിച്ച് പുറത്തെടുക്കുമ്പോൾ പേശികൾ ചിന്നിച്ചിതറിയും രക്തക്കുഴലുകൾ അറ്റുമാണ് അത്യാഹിതമുണ്ടായത്. അസ്ഥികളെയും പേശികളെയും ബന്ധിപ്പിക്കുന്ന 'ടെൻഡൻ' പൂർവസ്ഥിതിയിലാക്കുന്നതും പേശികളും രക്തക്കുഴലുകളും തുന്നിച്ചേർക്കുന്നതും ക്ലേശകരമായിരുന്നെങ്കിലും ചികിത്സ വിജയകരമാണെന്ന് മെഡിക്കൽ ടീമിന് നേതൃത്വം നൽകിയ കൺസൾട്ടന്റ് കാർഡിയോ തൊറാസിക് ആൻഡ് വാസ്‌കുലർ സർജൻ ഡോ. എസ്.ആകാശ് പറഞ്ഞു.

സാധാരണ ഓർത്തോ വിഭാഗമോ പ്ലാസ്‌റ്റിക് സർജറി വിഭാഗമോ ചെയ്യേണ്ടുന്ന ശസ്‌ത്രക്രിയ തങ്ങൾക്ക് ഏറ്റെടുക്കേണ്ടി വന്നത് രക്തക്കുഴലുകൾ അറ്റ് രക്തം വാർന്ന് കൈയ്ക്ക് ചലനശേഷി നഷ്‌ടപ്പെട്ടേക്കാവുന്ന ഗുരതര സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നര മാസത്തെ വിശ്രമം നിർദ്ദേശിച്ച യുവാവ് ഇന്നലെ ആശുപത്രി വിട്ടു. കാ‌ഡിയാക് അനസ്‌തോളജിസ്‌റ്റ് ഡോ. ദിലീപും ശസ്‌ത്രക്രിയയിൽ പങ്കെടുത്തു.