college

ന​മ്മു​ടെ കാ​മ്പ​സി​ലെ വർ​ത്ത​മാ​ന​ങ്ങൾ എ​ന്തൊ​ക്കെ​യാ​ണ്. ട്രെൻ​ഡ് എ​ന്താ​ണ്. കൊ​ല്ലം എ​സ്.എൻ കോ​ളേ​ജ് വി​ദ്യാർ​ത്ഥി​കൾ​ക്കൊ​പ്പം ഒ​രു സം​ഭാ​ഷ​ണം

കൊല്ലമെന്ന് കേൾക്കുമ്പോൾ മനസിലേയ്ക്ക് ഓടിയെത്തുക കൊല്ലം എസ്.എൻ കോളേജിന്റെ ചിത്രമാണ്. പഠിച്ചിറങ്ങിയവരുടെയും പഠിക്കുന്നവരുടെയും വികാരഭൂമി. തിലകൻ, ഒ.എൻ.വി കുറുപ്പ്, വി.സാംബശിവൻ, കെ.പി.അപ്പൻ, എം.എ.ബേബി, പി.ആർ.ശ്രീജേഷ് തുടങ്ങി എത്രയെത്ര പ്രഗത്ഭരെ സമ്മാനിച്ച കലാലയം.

ഓർമ്മകളും സ്വപ്നങ്ങളും വേരിറങ്ങിയ കോളേജിലെ ഇപ്പോഴത്തെ ട്രെൻഡും മറിച്ചല്ല. കളിയും ചിരികളും താമശയും മാത്രമല്ല കൃത്യമായ നിലപാടുകളുമുണ്ട് ഇവിടുത്തെ വിദ്യാർത്ഥികൾക്ക്.

എപ്പോഴും റീൽസും കണ്ട് ഫോണിൽ നിന്ന് കണ്ണെടുക്കാത്ത തലമുറയൊന്നുമല്ല ഞങ്ങളുടേത്. സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളെ പറ്റിയും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും സൗഹൃദത്തെ ബാധിക്കാറില്ലന്നും രണ്ടാംവർഷ എം.എ മലയാളം വിദ്യാർത്ഥിനി അഫ്സന ഖദീജ പറഞ്ഞു. വായനശീലം കുറഞ്ഞവരാണെന്ന പറച്ചിലിനോട് ഭൂരിഭാഗം പേരും യോജിക്കുന്നില്ല. വായനയല്ല, വായിക്കുന്ന രീതിയാണ് മാറിയത്. ഡിജിറ്റലായി പുസ്തകം വായിക്കാൻ കിട്ടുന്നുണ്ട്. വിരൽത്തുമ്പിൽ വിജ്ഞാനം ലഭിക്കുന്ന ഈ കാലത്ത് സാങ്കേതികവിദ്യയുടെ സാദ്ധ്യതകളും ഉപയോഗപ്പെടുത്തണമെന്നാണ് ഇവർ പറയുന്നത്.

ആൺ പെൺ സൗഹൃദങ്ങളെ തെറ്റായി വ്യാഖ്യാനിച്ചിരുന്ന കാലമൊക്കെ പോയി. എല്ലാവരെയും ചേർത്തുനിറുത്തുന്ന കാലമാണിത്. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുകയും തോളിൽ കൈയിടുകയും ചെയ്യും. കളങ്കമില്ലാത്ത സൗഹൃദമാണിത്. വിശാലമായി ചിന്തിക്കുന്ന തലമുറയാണ് തങ്ങളുടേതെന്ന് രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനി റെനി രാജൻ പറഞ്ഞു.

ഇഷ്ട ഇടങ്ങൾ

ഇളം കാറ്റേറ്റ് മരത്തണലിൽ നിന്ന് വായിക്കാനും പഠിക്കാനുമാണ് കൂടുതൽപ്പേർക്കും ഇഷ്ടം. ഇതാണ് ഞങ്ങളുടെ 'കാറ്റാടി". കോളേജിൽ തനിക്ക് ഏറെ പ്രിയപ്പെട്ട ഇടം പൂജ പരിചയപ്പെടുത്തി. കാറ്ര് നന്നായി കിട്ടുന്നതുകൊണ്ട് ആരോ ഇവിടെ കാറ്റാടി എന്ന് വിളിച്ചതാണ്. കാറ്റാടിയോടൊപ്പം കടംപറഞ്ഞ് കട്ടനടിക്കുന്ന കാന്റീനും ആസാദി കോർണറുമെല്ലാം വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. ചർച്ച ചെയ്യാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള വേദികളും ഇവിടെയുണ്ടെന്ന് എം.എ വിദ്യാർത്ഥിയായ നിഥിൻ പറയുന്നു.

ഇൻസ്റ്റയാണ് താരം

ഇൻസ്റ്റഗ്രാമാണ് പിള്ളേർക്കിടയിൽ താരം. ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ കുറഞ്ഞു. റീൽസും ‌മറ്റും എടുക്കുമ്പോൾ മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് ഓർക്കാറേയില്ല. സ്വയം നിയന്ത്രിക്കാനും തങ്ങൾക്ക് അറിയാമെന്നാണ് ഇവരുടെ അഭിപ്രായം.

അദ്ധ്യാപകർ സുഹൃത്തുക്കൾ

കണ്ണുരുട്ടി പേടിപ്പിക്കുന്ന അദ്ധ്യപകരല്ല, ഞങ്ങളോടൊപ്പം തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും ഡാൻസ് ചെയ്തും പിന്തുണയ്ക്കുന്ന സുഹൃത്തുകളാണവർ. അറിവ് പകരുന്നതിനൊപ്പം കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

രാഷ്ട്രീയ വ്യത്യാസമില്ലാതെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒറ്റക്കെട്ടാണ്. ഈ കൂട്ടായ്മയാണ് കോളേജിന്റെ വിജയം.

ആകാശ്, കോളേജ് ചെയർമാൻ

അദ്ധ്യയന കാലത്ത് നിന്ന് അദ്ധ്യാപന കാലത്തേക്കും അവിടെ നിന്ന് കോളേജ് ഭരണത്തിലേക്കും മാറിയപ്പോൾ കാലഘട്ടങ്ങളുടെ മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയുന്നുണ്ട്.

ഡോ. എസ്.വി.മനോജ്, പ്രിൻസിപ്പൽ