photo
കൊട്ടാരക്കര പൊലീസ് സ്റ്റേഷന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം

കൊട്ടാരക്കര: പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പിലാണ്. പെയിന്റിംഗ് ജോലികളും ടൈൽസ് പാകലുമടക്കം പൂർത്തിയായി. ഗവ.ഗേൾസ് ഹൈസ്കൂളിന് സമീപം പൊലീസ് ക്വാർട്ടേഴ്സുകൾ നിലനിന്നിരുന്ന ഭാഗത്താണ് മതിയായ സൗകര്യങ്ങളോടെ പൊലീസ് സ്റ്റേഷൻ കെട്ടിടം പൂർത്തിയാകുന്നത്. പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെത്തുമെന്ന് ഉറപ്പാണ്. മന്ത്രി കെ.എൻ.ബാലഗോപാലിന്റെയും റൂറൽ എസ്.പി കെ.എം.സാബുമാത്യുവിന്റെയും നേതൃത്വത്തിൽ ഇതിനുള്ള ആലോചനകൾ തുടങ്ങിയിട്ടുണ്ട്.

പൊലീസ് സ്റ്റേഷന് സ്ഥലംമാറ്റം ഉടൻ

കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തായി ഗണപതി ക്ഷേത്രം ജംഗ്ഷനിലാണ് നിലവിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. റൂറൽ എസ്.പി ഓഫീസിന് കീഴിലുള്ള ഏറ്റവും പ്രധാന സ്റ്റേഷനാണ് കൊട്ടാരക്കരയിലേത്. സ്ഥല പരിമിതിയാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ഈ പരിമിതികൾക്കെല്ലാം പരിഹാരം എന്ന നിലയിലാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്. നിർമ്മാണം പൂർത്തിയായതിനാൽ അധികം വൈകാതെ ഉദ്ഘാടനം നടത്താനാകും. അതോടെ നിലവിലുള്ള സ്റ്റേഷന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറും.

മെച്ചപ്പെട്ട സൗകര്യങ്ങൾ

  1. താഴത്തെ നിലയിൽ:
  2. റിസപ്ഷൻ , ലോബി ഏരിയ, സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഓഫീസ്, ക്രമസമാധാന ചുമതലയുള്ള എസ്.ഐയുടെ ഓഫീസ്, റൈറ്ററുടെ ഓഫീസ്, ആയുധം സൂക്ഷിക്കുന്നതിനുള്ള മുറി, ലോക്കപ്പ് മുറികൾ, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ
  3. ഒന്നാം നിലയിൽ: എസ്.ഐമാരുടെ ഓഫീസുകൾ, കമ്പ്യൂട്ടർ റൂം, തൊണ്ടി- റെക്കാ‌‌ഡ് മുറികൾ, ടോയ്ലറ്റുകൾ എന്നിവയുണ്ടാകും. കോൺഫറൻസ് ഹാളും റിക്രിയേഷൻ മുറിയും പൊലീസുകാരുടെ വിശ്രമ മുറികളും അടുക്കള, ഡൈനിംഗ് ഹാൾ, ടോയ്ലറ്റുകൾ
  4. മുകളിലത്തെ നിലയിൽ: ശിശു, സ്ത്രീ സൗഹൃദ സംവിധാനങ്ങൾ, ഗാർഡനിംഗ്, പാർക്കിംഗ് സൗകര്യം
  5. കസ്റ്റഡി വാഹനങ്ങളും മറ്റ് സാധനങ്ങളും സൂക്ഷിക്കാനും പ്രത്യേക ഇടമൊരുക്കും.
  6. പൊലീസ് സ്റ്റേഷൻ കെട്ടിടത്തോട് ചേർന്ന് വനിതാ സെല്ലിനും പൊലീസ് പരിശീലന കേന്ദ്രത്തിനും കെട്ടിടങ്ങൾ തയ്യാറാകുന്നുണ്ട്.