photo
സ്കൂൾ കെട്ടിടങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്ന പാഴ് മരങ്ങൾ.

കരുനാഗപ്പള്ളി: സ്കൂൾ കെട്ടിടത്തിനും കുട്ടികൾക്കും അപകട ഭീഷണി ഉയർത്തുന്ന പാഴ് മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യത്തോട് അധികൃതരുടെ അവഗണന. സ്കൂൾ സമയത്ത് കാറ്റ് വീശിയാൽ കുട്ടികളും അദ്ധ്യാപകരും ആശങ്കയോണ് ക്ലാസിൽ ഇരിക്കുന്നത്. കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് ഗവ. വെൽഫയർ യു.പി സ്കൂളിനാണ് ഈ ദുസ്ഥിതി. തായ് വേരുകൾ ഇല്ലാത്ത വാക, ആൽ എന്നീ മരങ്ങളാണ് അപകട ഭീഷണിയാകുന്നത്. പലപ്പോഴും മഴക്കാലത്ത് മരങ്ങളുടെ ശാഖകൾ ഒടിഞ്ഞ് കെട്ടിടങ്ങളുടെ മേൽ പതിച്ചിട്ടുണ്ട്.

കെട്ടിടങ്ങൾക്ക് നാശം

പ്രീ - പ്രൈമറി മുതൽ 7-ാം ക്ലാസ് വരെ 150 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്കൂൾ കെട്ടിടങ്ങളുടെ മീതേ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന് സ്കൂൾ പി.ടി.എ കമ്മിറ്റി മുൻസിപ്പാലിറ്റിക്കും വനം, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പല തവണ നിവേദനങ്ങൾ നൽകി. എന്നാൽ നടപടികൾ മാത്രം ഉണ്ടായില്ല. മരങ്ങളിൽ നിന്ന് ഇലകൾ പൊഴിഞ്ഞ് വീണ് കെട്ടിടങ്ങൾക്ക് നാശം സംഭവിക്കുന്നതായും പി.ടി.എ കമ്മിറ്റി പറയുന്നു. സ്കൂളിൽ 4 കെട്ടിടങ്ങളാണ് ഉള്ളത്. ഇലകൾ വീണ് കെട്ടിട ഭിത്തിയിലേക്ക് മഴ വെള്ളം ഒഴുകിയിറങ്ങി ഭിത്തിക്ക് ഈർപ്പം പിടിച്ചതിനാൽ നടപ്പ് വർഷത്തിൽ മുൻസിപ്പൽ അധികൃതർ ഒരു കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയില്ല. പ്രധാന കെട്ടിടം ഒഴികെ മറ്റ് മൂന്ന് കെട്ടിടങ്ങളുടെയും സ്ഥിതി മറിച്ചല്ല. മരങ്ങളുടെ വേരുകൾ കെട്ടിടങ്ങളുടെ ഫൗണ്ടേഷനിൽ തുളച്ച് കയറി കെട്ടിടങ്ങൾക്ക് ബലക്ഷയം വരുത്തുകയും ചെയ്യുന്നു.

കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളാണിത്. വർഷങ്ങളായി സ്കൂളിന് സമീപം നിൽക്കുന്ന പാഴ് മരങ്ങൾ അപകട ഭീഷണിയാകുന്നു. മഴ സീസണിൽ കുട്ടികൾ ഭയപ്പാടോടെയാണ് കെട്ടിടത്തിനുള്ളിൽ ഇരിക്കുന്നത്. രണ്ട് മരങ്ങൾ മുറിച്ച് മാറ്റിയാൽ പ്രശ്നത്തിന് പരിഹാരം ആകും. നിരവധി തവണ നാട്ടുകാർ ബന്ധപ്പെട്ടവരോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. നടപടി ഉണ്ടായില്ല. അടിയന്തരമായും പാഴ് മരങ്ങൾ മുറിച്ച് മാറ്റണം.

കരുമ്പാലിൽ ഡി.സദാനന്ദൻ,

പൊതു പ്രവർത്തകൻ